ദുരൂഹതകൾക്ക് അവസാനമില്ല; ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കൊല്ലം: ഓയൂർ കാറ്റാടിയിൽ വെച്ച് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ഇനി ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തുക. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിനാണ് അന്വേഷണ ചുമതല.

ആറുവയസ്സുകാരി കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശി പദ്മകുമാർ, ഭാര്യ അനിതാകുമാരി, മകൾ അനുപമ എന്നിവരാണ് ഇതുവരെ പോലീസ് പിടിയിലായത്. ഇവർക്ക് മാത്രമാണ് കേസിൽ ഗൂഢാലോചന മുതൽ പങ്കെന്നാണ് പോലീസ് നിലപാട്.

അതേസമയം, കേസിൽ പോലീസ് നൽകിയ വിശദീകരണത്തിൽ പലതരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതകളും നിലനിൽക്കുന്നുണ്ടെന്നാണ് പൊതുജനങ്ങളടക്കം പറയുന്നത്. ഇക്കാര്യത്തിൽ സംശയമുന്നയിച്ച് കെബി ഗണേഷ്‌കുമാർ എംഎൽഎ അടക്കമുള്ളവർ ഇക്കാര്യം പരസ്യ വിമർശനം ഉന്നയിച്ചിരുന്നു.

സാമ്പത്തികമായി ഉന്നതനായ പദ്മകുമാർ കോവിഡിന് ശേഷം സാമ്പത്തികപ്രതിസന്ധി നേരിട്ടെന്നും ഇതിനെ പെട്ടെന്ന് മറുകടക്കാനായി പണമുണ്ടാക്കാനായാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് ആയിരുന്നു പോലീസ് വിശദീകരണം.

ALSO READ- ഗുരുവായൂരിൽ പെട്രോൾ പമ്പിന് മുന്നിൽ ശബരിമല തീർഥാടകരുടെ ബസിന് തീപിടിച്ചു; 50 യാത്രക്കാരും രക്ഷപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

ഒരുവർഷമായി ഇവർ ഇതിനായി ആസൂത്രണം നടത്തിയെന്നും ഒന്നരമാസം മുൻപാണ് ഇത് നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു. കോടികളുടെ സാമ്പത്തിക ബാധ്യതയുള്ള വ്യക്തിയാണ് പദ്മകുമാർ.


മിക്ക വസ്തുക്കളും പണയത്തിലായിരുന്നു. പെട്ടെന്ന് ഒരു തിരിച്ചടവിനായി പത്തുലക്ഷം രൂപ ആവശ്യംവന്നു. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാൻ തീരുമാനിച്ചതെന്നും പല കുട്ടികളെയും പ്രതികൾ ലക്ഷ്യംവെച്ചിരുന്നതായും എഡിജിപി പറഞ്ഞിരുന്നു.

Exit mobile version