കൊച്ചി: ഇരുകൈകളുമില്ലാതെ ഫോര്‍ വീലര്‍ ഡ്രൈവിങ് ലൈസന്‍സ് നേടി ഇടുക്കി സ്വദേശിയായ ജിലുമോള്‍. അഞ്ച് വര്‍ഷമായി ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ജിലു. ജന്മനാ ഇരുകൈകളും ഇല്ലാതെ നാലുചക്ര വാഹനം ഓടിക്കുന്ന ആദ്യ ഏഷ്യക്കാരി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജിലു.
നവകേരള സദസിന്റെ സമ്മേളനത്തിന്റെ പ്രഭാത സമ്മേളനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ജിലു ഡ്രൈവിങ് ലൈസന്‍സ് ഏറ്റുവാങ്ങി. ജിലുവിന്റെ ഫോര്‍വീലര്‍ ലൈസന്‍സിനായുള്ള അപേക്ഷ മോട്ടോര്‍ വാഹന വകുപ്പ് തള്ളിയിരുന്നു.
ഇതോടെ ജിലു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജിലുവിന്റെ അപേക്ഷ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചപ്പോള്‍ കാറില്‍ രൂപമാറ്റം വരുത്തി നല്‍കണം എന്ന ആവശ്യമായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചത്. ഇതോടെ ഭിന്നശേഷി കമ്മിഷന്‍ ഇടപെട്ടു. 2016ലെ ഭിന്നശേഷി അവകാശ നിയമത്തില്‍ 41(2) വകുപ്പില്‍ ഭിന്നശേഷി വ്യക്തികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നു. ഇതിലൂടെ വാഹനങ്ങളുടെ ഘടനയില്‍ കാര്യമായ മാറ്റം വരുത്താതെ തന്നെ വാഹനങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ അനുയോജ്യമായ മാറ്റം വരുത്താം.
ഒരു വര്‍ഷത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശ്രമഫലമായിട്ടാണ് ജിലുവിന്റെ വാഹനം തയ്യാറായിരിക്കുന്നത്. വാഹനത്തിന്റെ മേജര്‍ കണ്‍ട്രോളുകള്‍ നേരിട്ടും, മൈനര്‍ കണ്‍ട്രോളുകള്‍ voice recognition module വഴിയും ജിലു മോള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും. രൂപ മാറ്റങ്ങളുടെ പ്രവര്‍ത്തന ക്ഷമത മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം വാഹനം adapted vehicle എന്ന ക്ലാസ്സിലേക്ക് മാറ്റം വരുത്തി കൊടുക്കുകയും ചെയ്തു.
14/03/2023 ന് നടത്തിയ ലേണേഴ്‌സ് ടെസ്റ്റ് ജിലു മോള്‍ പാസ്സാവുകയും, തനിക്ക് വേണ്ടി രൂപ മാറ്റം വരുത്തിയെടുത്ത ഈ വാഹനത്തില്‍ പ്രാവീണ്യം നേടുകയും, 30/11/2023 ല്‍ നടന്ന ഡ്രൈവിങ് ടെസ്റ്റ് പാസ്സാവുകയും ചെതെന്നും എംവിഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.