പാലക്കാട്: രണ്ടര വയസുകാരന്റെ മകന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടി നവകേരള സദസ്സിലെത്തി അച്ഛന്. ചികിത്സാ സഹായം ഉറപ്പാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. രണ്ടര വയസുകാരന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മലബാര്‍ കാന്‍സര്‍ സെന്ററിലൂടെ നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചതോടെ അച്ഛന് സന്തോഷത്തോടെ മടങ്ങി. 40 ലക്ഷം രൂപയോളമാണ് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ചെലവ് വരിക.
നവകേരള സദസിന്റെ ചെര്‍പ്പുളശ്ശേരി ഹൈസ്കൂള്‍ ഗ്രൗണ്ടിലെ വേദിയിലാണ് അച്ഛന് അഭ്യര്‍ഥനയുമായി എത്തിയത്. ഈ വിഷയം പി മമ്മിക്കുട്ടി എംഎല്‍എയും മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രി വീണാ ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
അച്ഛന് കപ്പലണ്ടി കച്ചവടമാണ് ജോലി. കുഞ്ഞിനെ ചികിത്സിക്കാന്‍ സാമ്പത്തികമായി പിന്നോട്ട് നില്ക്കുന്ന കുടുംബത്തിന് കഴിയില്ലെന്ന സങ്കടവുമായാണ് പിതാവ് എത്തിയത്. തലസീമിയ മേജര്‍ ബാധിച്ചിരിക്കുകയാണ് കുഞ്ഞിന്.
മകന് എല്ലാ മൂന്നാഴ്ചയിലും രക്തം ഫില്‍ട്ടര്‍ ചെയ്യണം. ഇപ്പോള്‍ മജ്ജ മാറ്റിവയ്ക്കണമെന്നാണ് വിദഗ്ധാഭിപ്രായം. അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും. നിര്‍ധനനായ തനിക്ക് അതിന് കഴിയില്ലെന്നും കുഞ്ഞിന്റെ പിതാവ് അറിയിച്ചു.
തുടര്‍ന്നാണ് എംസിസി വഴി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താമെന്ന് മന്ത്രി അറിയിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ നൂറോളം മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post