കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടിയതില്‍ സന്തോഷമെന്ന് കുട്ടിയുടെ അച്ഛന്‍ റെജി. അന്വേഷണ സംഘത്തിന് റെജി അഭിനന്ദനവും അറിയിച്ചു. മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വന്നതില്‍ വേദനയുണ്ടെന്നും റെജി പറഞ്ഞു. അതേസമയം, മകള്‍ ഹോം വര്‍ക്കുകള്‍ എല്ലാം ചെയ്തു തീര്‍ത്തു. തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോയി തുടങ്ങുമെന്നും റെജി അറിയിച്ചു.
കേസില്‍ പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേല്‍പിക്കല്‍ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പണം നേടുക എന്ന ലക്ഷ്യത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികളായ ചാത്തന്നൂര്‍ സ്വദേശികളായ കെ ആര്‍ പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവരെ കോടതി റിമാന്റ് ചെയ്തു. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ പണം കണ്ടെത്തുന്നതിനായാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.