കൊല്ലം: കൊല്ലത്ത് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ച ആദ്യ ഹീറോ സഹോദരനാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ആണ്‍കുട്ടിയാണ് ആദ്യഘട്ടത്തില്‍ ചെറുത്തുനിന്നതെന്നും എഡിജിപി വ്യക്തമാക്കി. സഹോദരിയെ തട്ടിക്കൊണ്ടു പോകുന്നത് പരമാവധി തടയാനും വൈകിപ്പിക്കാനും സഹോദരന്റെ ഇടപെടല്‍ കാരണമായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനില്‍പ്പാണ് കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു പ്രതികള്‍ തന്നെ മൊഴി നല്‍കിയിട്ടുമുണ്ടെന്നും എഡിജിപി വ്യക്തമാക്കി.
അതിനിടെ കുട്ടികള്‍ക്ക് പോലീസ് അവാര്‍ഡ് നല്കി. അബിഗേലിനും സഹോദരനുമാണ് അവാര്‍ഡ് നല്‍കിയത്. കുട്ടികളുടെ ധീരതയ്ക്ക് മൊമന്റോ നല്‍കിയെന്ന് എഡിജിപി പറഞ്ഞു. സഹോദരിയെ തട്ടിക്കൊണ്ടുപോവുന്നത് തടയാന്‍ പരമാവധി കുട്ടി ശ്രമിച്ചു. പ്രതികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു. കുട്ടി നന്നായി പോരാടി. ആ പയ്യനാണ് ആദ്യത്തെ ഹിറോ. രണ്ടാമത്തെ താരം ആറുവയസ്സുകാരി തന്നെയാണ്. പെണ്‍കുട്ടി കൃത്യമായ വിവരണം നല്കി. മൂന്നാമത്തെ ഹീറോസ് പോര്‍ട്രെയ്റ്റ് വരച്ചവരാണ്. വളരെ കൃത്യതയോടെ കുട്ടി വിവരിച്ചതും വളരെ കൃത്യതയോടെ പോര്‍ട്രെയ്റ്റ് വരയ്ക്കാന്‍ സാധിച്ചതും കേസ് അന്വേഷണത്തില്‍ സഹായകരമായി’ എഡിജിപി വിവരിച്ചു.
കേസില്‍ പ്രതികള്‍ക്ക് വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും തുടക്കം മുതല്‍ കുട്ടിയെ രക്ഷപ്പെടുത്തുന്നതിന് മാത്രമായിരുന്നു മുന്‍ഗണനയെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍ പ്രതികരിച്ചിരുന്നു. കുട്ടിയെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം അതുകൊണ്ടാണ് പ്രതികളിലേക്ക് എത്താന്‍ വൈകിയത്. കൊല്ലം ജില്ലയില്‍ നിന്നുള്ളവരാണ് പ്രതികളെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ആ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്നും എഡിജിപി പറഞ്ഞു.
കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 15 വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി അനിത കുമാരി മൂന്നാം പ്രതി അനുപമ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
Discussion about this post