തൃശ്ശൂർ: ശ്രീകേരളവർമ്മ കോളേജിലെ വിദ്യാർത്ഥി യൂണിയൻ ചെയർമാൻ സ്ഥാനത്ത് കെഎസ് അനിരുദ്ധൻ തന്നെ. റീകൗണ്ടിങിൽ മൂന്ന് വോട്ടിനാണ് എസ്എഫ്‌ഐ സ്ഥാനാർത്ഥിയായിരുന്ന അനിരുദ്ധന്റെ വിജയം. വ്യാജപ്രചരണങ്ങൾക്കുള്ള മറുപടിയാണ് ഈ വിജയമെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു.
നേരത്തെ വോട്ടെണ്ണലിൽ കൃത്രിമം നടത്തിയാണ് എസ്എഫ്ഐയുടെ ചെയർമാൻ സ്ഥാനാർത്ഥി വിജയിച്ചതെന്ന് ആരോപിച്ച് കെഎസ്യു ആക്ഷേപം ഉന്നയിച്ചതോടെയാണ് ഹൈക്കോടതി റീകൗണ്ടിങിന് നിർദേശിച്ചത്. ഇന്നു നടന്ന റീകൗണ്ടിങിൽ കെഎസ് യു സ്ഥാനാർത്ഥിയായിരുന്ന എസ് ശ്രീക്കുട്ടനെ പരാജയപ്പെടുത്തിയാണ് എസ്എഫ്‌ഐയുടെ വിജയം. അനിരുദ്ധന് 892 വോട്ടും കെഎസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടന് 889 വോട്ടുമാണ് ലഭിച്ചത്.
വോട്ടെണ്ണൽ ദിവസം ശ്രീക്കുട്ടൻ വിജയിച്ച ശേഷം നടത്തിയ റീ കൗണ്ടിങ്ങിന്റെ പേരിൽ എസ്എഫ്‌ഐ അധ്യാപകരോടൊപ്പം ചേർന്ന് അട്ടിമറി നടത്തിയെന്നായിരുന്നു ആരോപണം. ഒരു വോട്ടിന് ശ്രീക്കുട്ടനാണ് വിജയിച്ചതെന്നായിരുന്നു കെ എസ് യു പറഞ്ഞിരുന്നത്. എന്നാൽ, തുല്യ വോട്ടുകൾ വന്നപ്പോൾ റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ജയിച്ചെന്നുമാണ് എസ്എഫ്ഐ വാദിച്ചിരുന്നത്.
പിന്നീട് അനിരുദ്ധിനെ ചെയർമാനായി കോളേജ് പ്രഖ്യാപിച്ചു. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്‌യു തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു. കോടതി ഉത്തരവിന് പിന്നാലെയാണ് റികൗണ്ടിങ് നടത്തിയത്.
Discussion about this post