കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസിന് പ്രതിയിലേക്കെത്താന്‍ സഹായകമായത് രേഖാചിത്രമായിരുന്നു. രേഖാചിത്രത്തിന് പ്രതിയുമായുള്ള സാമ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രേഖാ ചിത്രം തയ്യാറാക്കിയ ഷജിത്- സ്മിത ദമ്പതികള്‍ക്ക് അഭിനന്ദനപ്രവാഹമാണ് സോഷ്യലിടത്ത്. ദുരനുഭവത്തിനിടയിലും ഓര്‍ത്ത് വെച്ച് കൃത്യമായി ഡീറ്റൈലായി പറഞ്ഞ് തന്ന കുഞ്ഞ് മോളുടെ ഓര്‍മ്മ ശക്തിയെയാണ് ഇരുവരും നമിയ്ക്കുന്നത്.
കുഞ്ഞിനെ കളിപ്പിച്ചും ചിരിപ്പിച്ചുമാണ് രേഖാചിത്രത്തിലേക്ക് എത്തിയത്. പ്രതിയുടെ മീശയും തലയുടെ ആകൃതിയും കുഞ്ഞിനു കൃത്യമായി അറിയാമായിരുന്നെന്നുമാണ് ഇരുവരും പറഞ്ഞു. പോലീസ് സംരക്ഷണത്തിലായിരുന്നു ഷജിത് സ്മിത ദമ്പതികള്‍ കുഞ്ഞിനോട് സംസാരിക്കുന്നതും രേഖാചിത്രം വരയ്ക്കുന്നതും. ചിത്രം വരയ്ക്കാന്‍ കുട്ടിയെത്തുമ്പോള്‍ കുട്ടി ക്ഷീണിച്ച അവസ്ഥയിലായിരുന്നു. കുട്ടിക്ക് ഒരു പേടി തോന്നാത്ത രീതിയിലുള്ള ഒരു അന്തരീക്ഷം ചിത്രം വരയ്ക്കാന്‍ ഉണ്ടാക്കേണ്ടിയിരുന്നതും അത്യാവശ്യമായിരുന്നു.
അങ്ങനെ കുഞ്ഞിനെ കളിപ്പിക്കുകയും ചിരിപ്പിക്കുകയും പാട്ടുപാടുകയുമെല്ലാം ചെയ്തു. കുട്ടിയോട് ചിത്രം വരയ്ക്കുന്ന അധ്യാപകരാണ് എന്നാണ് പറഞ്ഞത്. ആ കളിയുടെ ഭാഗമായിട്ടാണ് കുട്ടി അടുത്തു വന്നിരിക്കുന്നത്. കുട്ടിയും ചിത്രങ്ങള്‍ വരച്ചുകാണിച്ചു തന്നു. അതിനിടയില്‍ ചോദ്യങ്ങള്‍ ചോദിച്ചാണ് രേഖാ ചിത്രം വരച്ചത്. ഒരുപാട് സ്‌കെച്ചുകള്‍ അന്ന് തന്നെ ചെയ്തിരുന്നുവെന്നും ഷജിത്തും സ്മിതയും പറയുന്നു.
കുഞ്ഞിന്റെ ഓര്‍മ നന്നായി ഗുണം ചെയ്തു എന്നാണ് ഇരുവരുടെയും അഭിപ്രായം. കുഞ്ഞിന് മുന്‍പ് ദൃക്‌സാക്ഷികള്‍ എന്ന രണ്ടുപേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ചിത്രം വരയ്ക്കാന്‍ തുടങ്ങിയത്. പക്ഷേ ഇവരുമായിട്ട് കണക്ട് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷേ പ്രതികളെ നേരിട്ടു കണ്ട കുഞ്ഞിനെ സംബന്ധിച്ചിടത്തോളം കുഞ്ഞ് എല്ലാം കൃത്യമായി പറയുന്നുണ്ടായിരുന്നു.
കുട്ടിക്ക് തട്ടിക്കൊണ്ടുപോയവരുടെ ഫീച്ചറുകളെല്ലാം നല്ല ബോധ്യമുണ്ടായിരുന്നു. മുടി എങ്ങിനെയാണെന്ന് ചോദിച്ചപ്പോള്‍ വശങ്ങളില്‍ മാത്രമാണ് മുടിയെന്നാണ് കുട്ടി പറഞ്ഞത്. വലിയ കണ്ണ്, മൂക്ക് ചെറുത്, ഇങ്ങനെ കളികള്‍ക്കിടയിലാണ് കുട്ടി അയാളെ കുറിച്ച് പറഞ്ഞതെങ്കില്‍ പോലും എല്ലാം കൃത്യമായി ഓര്‍ത്തെടുത്ത് പറയുന്നുണ്ടായിരുന്നു. അമ്മയടക്കം അടുത്തുള്ള പലരെയും കാണിച്ചുകൊടുത്ത് ഓരോ ഫീച്ചറുകളും ഇവരുടെ ആരുടെയെങ്കിലും പോലെയാണോ എന്ന് ചോദിക്കുകയായിരുന്നു ചെയ്തത്. അപ്പോള്‍ കുഞ്ഞ് പറഞ്ഞതനുസരിച്ചാണ് രേഖാ ചിത്രം തയ്യാറാക്കിയത്. നോക്കിയിരുന്നത് ഒരു ചേച്ചിയാണെന്നാണ് കുട്ടി പറഞ്ഞത്. ആ ചേച്ചിയുടെ രൂപം എങ്ങിനെയെന്ന് ചോദിച്ചപ്പോള്‍ കുട്ടിക്ക് ആദ്യം ഓര്‍മ വന്നത് വട്ടത്തിലുള്ള കണ്ണടയായിരുന്നു. അതുകൂടാതെ യുവതിയുടെ വേഷം, മുടി എങ്ങിനെ കെട്ടിവച്ചിരുന്നു എന്നെല്ലാം കുട്ടി കൃത്യമായി പറഞ്ഞു.
വരയ്ക്കുന്നത് ചിലപ്പോള്‍ ശരിയാകാം ചിലപ്പോള്‍ ശരിയാവില്ല. ഒരു മോഡലിനെ വരച്ചല്ല നമ്മള്‍ രേഖാ ചിത്രം വരയ്ക്കുന്നത്. വിവരങ്ങള്‍ മാത്രം ഉപയോഗിച്ചാണ്. രാത്രി തങ്ങളെ വിളിച്ചപ്പോള്‍ തന്നെ വേറൊന്നും ആലോചിച്ചിരുന്നില്ല. അന്വേഷണത്തെ സഹായിക്കുന്നതിനായി നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന എന്തെങ്കിലും ചെയ്യുക എന്ന് മാത്രമായിരുന്നു മനസില്‍. അവസാനം കുഞ്ഞ് ‘ഇതു തന്നെ’ എന്നു പറയുന്നിടത്ത് നിര്‍ത്താം എന്ന രീതിയിലാണ് രേഖാ ചിത്രം വരച്ചത് എന്നും ഇരുവരും പറയുന്നു.
ആദ്യമായിട്ടാണ് വിവരങ്ങള്‍ മാത്രം ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നത്. ഇപ്പോള്‍ പലരും വിളിച്ച് സന്തോഷം അറിയിക്കുന്നുണ്ട്. പോലീസും വിളിച്ചിരുന്നു. വലിയ സന്തോഷത്തിലാണ് എല്ലാവരും. ഇനിയും രേഖാ ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസമുണ്ട് ഇപ്പോള്‍. ചെയ്യുന്നത് മറ്റൊരാളെയും സഹായിക്കുന്ന തരത്തിലാണെങ്കില്‍ അത് ചെയ്യാന്‍ പറ്റിയാല്‍ അത് വലിയ കാര്യമാണെന്നാണ് ഷജിത്- സ്മിത ദമ്പതികള്‍ പറയുന്നത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളാണ് ഷജിത്തും സ്മിതയും.
Discussion about this post