കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടിയ കേരള പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ ദിവസംകൊണ്ട് പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. ഇത് പോലീസിന്റെ പോലീസിന്റെ അന്വേഷണ മികവാണ് തെളിയിക്കുന്നത്. പണം ആവശ്യപ്പെട്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം നമ്മുടെ നാട്ടിലും ഉണ്ടായി. ചില സാഹചര്യങ്ങളിൽ പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചെന്ന് വരില്ല. അപ്പോൾ പോലീസിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള അനാവശ്യ പ്രവണതയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെങ്കിൽ നമുക്ക് പ്രതിഷേധം അറിയിക്കാൻ അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ കേസിൽ അതിനുള്ള സമയം ആയിട്ടില്ല. അതിനു മുമ്പ് തന്നെ പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനാണ് ചിലർ പുറപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് യുക്തിബോധത്തിന് ചേരാത്ത പ്രതികരണമാണ് നടത്തിയത്. അതൊക്കെ രാഷ്ട്രീയ മുതലെടുപ്പായിട്ടേ കാണാൻ സാധിക്കുകയുള്ളൂ. കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന കാര്യത്തിൽ രാജ്യത്തു തന്നെ മുൻനിരയിലാണ് കേരള പോലീസെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലുവയിലെ പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിക്ക് 110 ദിവസത്തിനുള്ളിൽ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞത് കേരള പോലീസിന്റെ മികവാണ്. ചിലപ്പോൾ അന്വേഷണത്തിന് കുറച്ചധികം ദിവസങ്ങൾ എടുത്തെന്ന് വരാമെന്നും എന്നാൽ, അന്വേഷണം പുരോഗമിക്കുന്നതിനിടെ പോലീസിനു നേരെയുണ്ടാകുന്ന മുൻവിധിയോടെയുള്ള കുറ്റപ്പെടുത്തലുകൾ ശരിയായ കാര്യമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കൊല്ലത്തെ സംഭവത്തിൽ മാധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ട് ചെയ്തു. ആ സംയമനവും സൂക്ഷ്മതയും തുടരണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു.