തിരുവനന്തപുരം: കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ മൂന്നുപേരെയും അടൂർ എആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യുന്നു. എഡിജിപി എംആർ അജിത്കുമാർ, ഡിഐജി ആർ നിശാന്തിനി, ഐജി സ്പർജൻ കുമാർ എന്നിവരാണ് അടൂരിലെ ക്യാമ്പിലെത്തി ചോദ്യംചെയ്യൽ ആരംഭിച്ചിരിക്കുന്നത്.
ചാത്തന്നൂർ സ്വദേശി പദ്മകുമാർ, ഭാര്യ കവിത, മകൾ അനുപമ തുടങ്ങി ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരിൽ പദ്മകുമാറിന് കേസിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ചാത്തന്നൂർ ടൗണിൽ തന്നെ താമസിക്കുന്ന ധനിക കുടുംബാംഗങ്ങളാണ് ഇവർ. കുട്ടിയെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെടുന്നതു പോലെയുള്ള കുറ്റകൃത്യം ഇവരെന്തിനാണ് ചെയ്തതെന്നാണ് പോലീസിന് ഇനി അറിയേണ്ടത്. കുടുംബാംഗങ്ങളെ കസ്റ്റഡിയിൽ എടുത്തതോടെ നാട്ടുകാരും ഞെട്ടലിലാണ്. ഉയർന്ന വിദ്യാഭ്യാസവും ധനസ്ഥിതിയുമുള്ള കുടുംബത്തെ ഇവരാരും സംശയിച്ചിരുന്നത് പോലുമില്ല. എൻജിനീയറിങ് ബിരുദധാരിയാണ് പദ്മകുമാർ. മകൾ വിദ്യാർത്ഥിനിയാണ്.
അതേസമംയ, കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടതിന്റെ പിന്നിലെ കാരണമടക്കം മുതിർന്ന ഉദ്യോഗസ്ഥർ വിശദമായി ചോദിച്ചറിയുകയാണ്. കേരള – തമിഴ്നാട് അതിർത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിൽ നിന്നാണ് ഇന്ന് ഉച്ചയ്ക്ക് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
സംഭവം നടന്ന് അഞ്ചാംനാളിലാണ് പ്രതികളെന്ന് സംശയിക്കുന്നവർ കസ്റ്റഡിയിലായിരിക്കുന്നത്. മൂന്നുപേരും നേരത്തെ മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നെന്നാണ് വിവരം.
ചാത്തന്നൂരിലെ പദ്മകുമാറിന്റെ വീടിനു മുന്നിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിട്ടിരിക്കുന്നതായി കാണാം. ഈ കാറിലാണോ കുട്ടിയെ കടത്തിയതെന്ന് സംശയിക്കുന്നുണ്ട്. പദ്മകുമാറിന്റെ വീട്ടിലാണോ അന്ന് രാത്രി കുഞ്ഞിനെ താമസിപ്പിച്ചതെന്നും പരിശോധനയിൽ തെളിയാനുണ്ട്.
Discussion about this post