കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് നിർണായക കണ്ടെത്തൽ നടത്തിയതായി സൂചന. നഴ്സിങ് പരീക്ഷാതട്ടിപ്പുമായി ബന്ധപ്പെട്ട സംഘങ്ങൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. നവംബർ 11-നായിരുന്നു വിദേശ നഴ്സിങ് ജോലിക്കുള്ള ഒഇടി പരീക്ഷ. ഇതിന്റെ ഫലം വന്നത് 27-നും. ഇതേദിവസമായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പോലീസിന്റെ സംശയം വർധിപ്പിക്കുന്നത്.
പൊതുവിൽ ഇത്തരം തട്ടിപ്പുസംഘങ്ങൾ സാധാരണയായി പണമിടപാടുകൾ നടത്തുന്നത് പരീക്ഷാഫലംവരുന്ന ദിവസമായിരിക്കും. ഉദ്യോഗാർഥികളിൽനിന്ന് പണം വാങ്ങുകയും ഇത് കൈമാറുകയും ചെയ്യുന്നതിന്റെ പേരിലുണ്ടായ സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് സൂചന ലഭിച്ചത്.
കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് നഴ്സിങ് കെയർടേക്കറായ യുവതിയാണെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട് നഴ്സിങ് പരീക്ഷാതട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന്റെ സംശയങ്ങൾക്കാണ് ഇതോടെ ബലം ലഭിച്ചിരിക്കുന്നത്. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുവതി, നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പിന്നീട് ഇവർ ഈ സംഘത്തിലെ കണ്ണിയായെന്നുമാണ് പോലീസിന്റെ സംശയം.
യുവതിയെ കോഴിക്കോടുവെച്ച് കണ്ടതായി കഴിഞ്ഞ ദിവസം ഒരാൾ പോലീസിന് വിവരം പങ്കിട്ടിരുന്നു. നിലവിൽ കോഴിക്കോട് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ക്ലിനിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഫെനർഗാൻ എന്ന മയക്കുമരുന്ന് ഓയൂരിലെ കുഞ്ഞിന് കൊടുത്തുവെന്ന സംശയവും പോലീസിനുമുണ്ട്.
ഈ സംശയം ഡോക്ടർമാർ പങ്കുവെച്ചതോടെയാണ് മെഡിക്കൽ മേഖലയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം നീളുന്നത്. ഇതിനിടെ, നഴ്സിങ് സംഘടനകളായ ഐഎൻഎയും യുഎൻഎയും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തി. യുഎൻഎയ്ക്ക് നഴ്സിങ് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ഐഎൻഎ ആരോപിക്കുന്നത്. എന്നാലിത് യുഎൻഎ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.