കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കുട്ടിയുടെ പിതാവ് റെജി. പോലീസ് തന്നെ ഉന്നം വയ്ക്കുന്നു. തെറ്റ് ചെയ്യാത്തത് കൊണ്ട് അറസ്റ്റിനെ ഭയക്കുന്നില്ല. തന്റെ എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും റെജി പറഞ്ഞു.
തനിക്ക് ഒഇടി, നഴ്‌സിങ് റിക്രൂട്‌മെന്റ് എന്നിവയുമായി പങ്കില്ലെന്നും റെജി പറയുന്നു. സംഘടനയെയും സുഹൃത്തുക്കളെയും കേസിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും റെജി ആരോപിക്കുന്നു. തന്നെ ഉന്നം വയ്ക്കുകയാണെങ്കില്‍ കുടുംബസഹിതം പോലീസ് സ്റ്റേഷനില്‍ വന്ന് കുത്തിയിരിക്കുമെന്നും റെജി പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ റെജിയുടെ മൊഴി ഇന്ന് വീണ്ടും എടുക്കും. പത്തനംതിട്ടയിലെ റെജിയുടെ ഫ്‌ലാറ്റില്‍ പോലീസ് പരിശോധന നടത്തി ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിയുടെ അച്ഛന്‍ അംഗമായ സംഘടനായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് മൊഴി എടുക്കുന്നതും തുടരും.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞതായി സൂചന. സംഘത്തിലെ ഒരു യുവതി നഴ്‌സിങ് കെയര്‍ടേക്കറാണെന്നാണ് സംശയം. ഇവര്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഒന്നിലധികം യുവതികള്‍ സംഘത്തിലുണ്ടെന്നും കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണസംഘം പറയുന്നു.
Discussion about this post