കൊല്ലം: ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. സംഘത്തിന് കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ട്. നിലവില്‍ ഇയാളിപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
അതേസമയം, കേസില്‍ ഇന്ന് വീണ്ടും കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്ന് നിര്‍ണായക ദിനമാണ്. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് ശ്രമം. കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കിട്ടും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടു പോകല്‍ സംഘം സഞ്ചരിക്കുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടി. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിപ്പിച്ചു.
കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ലാറ്റില്‍ പ്രത്യേക പോലീസ് സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പര്‍ എങ്ങനെ കിട്ടി, പ്രതികള്‍ പത്ത് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരമായി ചോദിച്ചത് തുടങ്ങി നിരവധി സംശയം പോലീസിനുണ്ട്. ഇവയെല്ലാം തീര്‍ക്കാന്‍ എല്ലാ വശവും അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു.
പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 10 വര്‍ഷമായി റെജി ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്‌ലാറ്റിലാണ് റെജി താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് ഇന്ന് വൈകിട്ടോടെ പൊലീസെത്തി പരിശോധിച്ചത്. റെജി ഉപയോഗിച്ചിരുന്ന ഒരു ഫോണ്‍ ഈ ഫ്‌ലാറ്റിലുണ്ടായിരുന്നു. അതാണ് പൊലീസ് കൊണ്ടുപോയത്. മറ്റെന്തെങ്കിലും ഇവിടെ നിന്ന് കണ്ടെടുത്തോയെന്ന് വ്യക്തമല്ല.