മലപ്പുറം: നവകേരള സദസ്സിനിടെ അബദ്ധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണില്‍ കൈ തട്ടിയ എന്‍സിസി കേഡറ്റ് ഒടുവില്‍ മുഖ്യമന്ത്രിയെ കാണാന്‍ നേരിട്ടെത്തി. മഞ്ചേരി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ജിന്റോ ആന്റണിയാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.
അബദ്ധത്തിലാണ് നവകേരള സദസ്സിനിടെ ജിന്റോ ആന്റണിയുടെ കൈ മുഖ്യമന്ത്രിയുടെ കണ്ണില്‍ തട്ടിയത്. മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്‍കി കൈ വീശി മടങ്ങുന്നതിനിടെയാണ് കണ്ണില്‍ തട്ടിയത്. മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയില്‍ വച്ചായിരുന്നു സംഭവമുണ്ടായത്.
ഈ സംഭവം മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വിളിച്ച് ജിന്റോയെ ആശ്വസിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിവി അന്‍വര്‍ എംഎല്‍എയുടെ വസതിയില്‍ എത്തി ജിന്റോ മുഖ്യമന്ത്രിയെ കണ്ടത്.
മുഖ്യമന്ത്രി ജിന്റോയെ വാത്സല്യത്തോടെയാണ് സ്വീകരിച്ചത്. കയ്യില്‍ പിടിച്ചുകൊണ്ട് വിദ്യാര്‍ത്ഥിയെ ആശ്വസിപ്പിച്ചു. ‘അബദ്ധത്തില്‍ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’- എന്നാണ് മുഖ്യമന്ത്രി ജിന്റോയോട് പറഞ്ഞത്. ജിന്റോയ്ക്ക് പാര്‍ക്കര്‍ പേന സമ്മാനമായി നല്‍കുകയും ചെയ്തു.