മലയാളം സീരിയൽ പോലും ഏത് രീതിയിലായിരിക്കണമെന്നും ഉള്ളടക്കം എന്തായിരിക്കണമെന്നും തീരുമാനിക്കുന്നത് ഭരണകൂടമാണെന്ന് വിമർശിച്ചതിന് നടിക്ക് നേരെ സൈബർ ആക്രമണം. മലയാള സീരിയലിൽ ഒരു മുസ്ലിം കഥാപാത്രമോ ചട്ടയും മുണ്ടുമുടുത്ത അമ്മയുമുണ്ടോ? എന്നാണ് നടിയും സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷ ചോദ്യം ചെയ്തത്. നവകേരളസദസ്സിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഗായത്രിയുടെ പരാമർശം.
ഇതിന് പിന്നാലെ കടുത്ത ട്രോളുകളും വിമർശനങ്ങളുമാണ് ഗായത്രിക്ക് നേരെ ഉയർന്നത്. തുടർന്ന് ഗായത്രി വർഷക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ഗായത്രി വർഷ.
ഫാസിസ്റ്റ് വർഗീയതക്കെതിരെയുള്ള സാംസ്കാരിക ഇടപെടലുകളിൽ മുൻപന്തിയിലുള്ള വ്യക്തിത്വമാണ്. മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട് ഗായത്രി വർഷ കേരളത്തിലുടനീളം നടത്തുന്ന പ്രഭാഷണങ്ങളും, സാംസ്കാരിക ഇടപെടലുകളും വെറുപ്പിന്റെ വക്താക്കളെ പരിഭ്രാന്തരാക്കുന്നുണ്ടെന്നും കമ്മിറ്റി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ഇതിന്റെ പ്രതിഫലനമാണ് ജീർണ്ണത നിറഞ്ഞു നിൽക്കുന്ന സൈബർ ആക്രമണങ്ങൾ. തൊഴിലിനെയും സർഗാത്മക ഇടപെടലുകളെയും അപഹസിക്കുന്ന സൈബറിടങ്ങളിലെ മനുഷ്യവിരുദ്ധരുടെ നീക്കം അതിനിന്ദ്യമാണെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഈകലാകാരിയെ നിന്ദ്യമായ സൈബർ ആക്രമണം കൊണ്ട് പിന്തിരിപ്പിക്കാമെന്നു കരുതുന്നവർ മൂഢസ്വർഗത്തിലാണെന്നും കമ്മിറ്റി പ്രതികരിച്ചു. ജനാധിപത്യ മതേതര വിശ്വാസികൾ ഗായത്രി വർഷക്കൊപ്പം ധീരതയോടെ നിൽക്കുമെന്നും കമ്മിറ്റി വിശദീകരിച്ചു.
അതേസമയം, നമ്മൾ ഏത് തരത്തിലുള്ള സീരിയലുകളാണ് കാണേണ്ടതെന്ന് തീരുമാനിക്കുന്ന ഒരു ചട്ടക്കൂടമുണ്ട്. ഇതിന്റെ അടിസ്ഥാനം തീരുമാനിക്കുന്നത് നരേന്ദ്ര മോഡിയും അമിത്ഷായും അടങ്ങുന്ന ഭരണകൂടമാണെന്നുമാണ് ഗായത്രി വിമർശിച്ചത്. ‘ഞാനടക്കമുള്ളവര്‍ അഭിനയിക്കുന്ന സീരിയലുകളില്‍ ഒരു ന്യൂനപക്ഷ കഥയുണ്ടോ? മുസ്ലിമിന്റെയോ ക്രിസ്ത്യന്‍ന്റെയോ കഥയുണ്ടോ? നാല്പതോളം എന്റര്‍ടെന്‍മെന്റ് ചാനലുകള്‍ മലയാളത്തിലുണ്ട്. ഒരു ദിവസം മുപ്പത്തിയഞ്ചോളം സീരിയലുകള്‍ എല്ലാവരും കാണുന്നുണ്ട്. ഓരോരുത്തരും അത്രയും കാണുന്നു എന്നല്ല, നമ്മളെ അവര്‍ കാണിക്കുന്നു.’-ഗായത്രി പറയുന്നു.
Discussion about this post