കൊച്ചി: നിയമസഹായം തേടിയെത്തിയ ഇരുപത്തിയാറുകാരിയെ പീഡനത്തിനിയാക്കിയ കേസിൽ പ്രതിയായ ഹൈക്കോടതിയിലെ സീനിയർ ഗവ. പ്ലീഡർ പിജി മനുവിനെ പുറത്താക്കി. യുവതി നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ ചോറ്റാനിക്കര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പോലീസ് നടപടി ഉണ്ടായതോടെ ഇയാളിൽ നിന്ന് അഡ്വക്കേറ്റ് ജനറൽ രാജി എഴുതി വാങ്ങുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രോസിക്യൂട്ടറായും സ്പെഷ്യൽ പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയായ പി ജി മനു.
2018-ലെ ഒരു കേസിൽ നിയമസഹായത്തിനായാണ് യുവതി ഹൈക്കോടതിയിലെ സീനിയർ പ്ലീഡറായ പി ജി മനുവിനെ സമീപിച്ചത്. യുവതിയെ ഒക്ടോബർ ഒൻപതാം തീയതിയാണ് ആദ്യം അതിക്രമത്തിന് ഇരയാക്കിയത്. കേസിന്റെ വിവരശേഖരണത്തിനും വക്കാലത്ത് ഒപ്പിടീപ്പിക്കുന്നതിനുമായി കടവന്ത്രയിലുള്ള ഓഫീസിലേക്ക് വിളിച്ചു വരുത്തി യുവതിയെ ബലാത്സംഗം ചെയ്തെന്നുമാണ് പരാതി.
പിന്നീട് ഇയാൾ യുവതിയുടെ വീട്ടിൽ കടന്നുകയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതിയുടെ സ്വകാര്യഭാഗങ്ങൾ ചിത്രീകരിച്ചുവെന്നും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ചോറ്റാനിക്കര പോലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പരാതിക്കാരിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം യുവതിയുടെ വൈദ്യപരിശോധനയും പൂർത്തിയാക്കി.
യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവ് ശേഖരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ചോറ്റാനിക്കര സി ഐയാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post