കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ സ്വദേശിയുടെ വീട് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. പോലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമെന്ന് ആരോപിച്ചായിരുന്നു അക്രമം. രേഖാചിത്രത്തിലെ സാമ്യത്തിന്റെ പേരില്‍ ഷാജഹാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് വ്യാപക പ്രചാരണം സമൂഹ മാധ്യമങ്ങളിലുണ്ടായിരുന്നു. എന്നാല്‍, തനിക്ക് കേസുമായി ബന്ധമില്ലെന്നും നിരപരാധിയാണെന്നും ഷാജഹാന്‍ കുണ്ടറ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മൊഴി നല്‍കി.
ആറുവയസ്സുകാരിയെ തിരിച്ചുകിട്ടിയതിന് പിന്നാലെയാണ് കുണ്ടറ സ്വദേശിയായ ജിം ഷാജി എന്ന ഷാജഹാനാണ് കേസിലെ പ്രതിയെന്ന തരത്തില്‍ വ്യാപകമായ പ്രചാരണമുണ്ടായത്. പോലീസ് തയാറാക്കിയ രേഖാചിത്രവുമായള്ള സാദൃശ്യത്തിന്റെ പേരിലായിരുന്നു പ്രചാരണം.
ഷാജഹാന്‍ അറസ്റ്റിലായെന്നും ചിലര്‍ പ്രചരിപ്പിച്ചു. പക്ഷെ പോലീസ് ഇക്കാര്യം ഒരു ഘട്ടത്തിലും സ്ഥിരീകരിച്ചിരുന്നില്ല. വ്യാജ വാര്‍ത്തകള്‍ ഏറ്റുപിടിച്ചെത്തിയ ചിലര്‍ ഷാജഹാന്റെ കല്ലമ്പലത്തെ വീട്ടിലെ ജനലുകളും വാതിലുകളും അടിച്ചുതകര്‍ത്തു. ഇതിനിടെ ഷാജഹാന്‍ കുണ്ടറ പോലീസ് സ്റ്റേഷനില്‍ ഹാജരായി.
കേസില്‍ പങ്കില്ലെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയം ബന്ധുവിനൊപ്പം കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നുവെന്നും ഷാജഹാന്‍ മൊഴി നല്‍കി. ഈ മൊഴി പോലീസ് രേഖപ്പടുത്തിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുമുണ്ട്.