തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. നിരന്തരം നിയമലംഘനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത സെക്രട്ടറിയുടെ നടപടിയെടുത്തത്. 2023ലെ ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റൂള്‍സ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അക്കാരണത്താല്‍ കൂടിയാണ് നടപടിയെന്നും ഉത്തരവിലുണ്ട്.
കോഴിക്കോട് സ്വദേശിയായ കിഷോര്‍ എന്ന പേരിലായിരുന്നു ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ്. നടത്തിപ്പ് ചുമതലയായിരുന്നു ഗിരീഷിന്. സര്‍ക്കാര്‍ നടപടി പ്രതീക്ഷിച്ചതായിരുന്നുവെന്ന് ബസ് ഉടമ കെ. കിഷോര്‍ പ്രതികരിച്ചു. നിയമം പാലിച്ചാണ് മുന്നോട്ട് പോയത്. നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് കോടതിയില്‍ വ്യക്തമാകുമെന്നും കിഷോര്‍ പ്രതികരിച്ചു.
റോബിന്‍ ബസ് സര്‍ക്കാരിനെ നിരന്തരം വെല്ലുവിളിക്കുകയാണെന്ന നിലപാടിലായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവും എംവിഡിയും. ബസിനെതിരെ കടുത്ത നടപടികളാണ് മോട്ടോര്‍ വാഹനവകുപ്പ് ഇതുവരെ സ്വീകരിച്ചത്. പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് നിരന്തരം പിഴയിട്ടു. പിന്നാലെ ബസ് കഴിഞ്ഞ എംവിഡി പിടിച്ചെടുത്തു. വാഹനത്തിന് എതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചാണ് ബസ് പിടിച്ചെടുത്തത്.
ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നുമാണ് ഗതാഗത മന്ത്രി ബസ് പിടിച്ചെടുത്തതിനോട് പ്രതികരിച്ചത്. കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് ബസ് നിരത്തിലിറങ്ങുന്നത്. മോട്ടോര്‍ വാഹനം വകുപ്പ് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി.
Discussion about this post