കോഴിക്കോട്: ഇന്ത്യയും പാലസ്തീനും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്ന് കേരളത്തിലെത്തിയ പാലസ്തീൻ സ്ഥാനപതി അദ്നാൻ അബു അൽ ഹൈജ. റാലി ഉൾപ്പെടെ നടത്തി പാലസ്തീന് പിന്തുണ നൽകിയതിന് അദ്ദേഹം നന്ദി അറിയിച്ചു.
ഇന്ത്യയും പലസ്തീനും തമ്മിൽ ചരിത്രപരമായ ബന്ധമാണ്. ഇന്ത്യ പലസ്തീന് പിന്തുണ നൽകുന്നു. സാധാരണക്കാരെ കൊല്ലുന്നതിന് എതിരാണ് ഇന്ത്യ. കേരളത്തെ സ്നേഹിക്കുന്നുവെന്നും നന്ദി പറയാനാണ് കേരളത്തിലെത്തിയതെന്നും അബു അൽ ഹൈജ വ്യക്തമാക്കി.
കൂടാതെ, ഇസ്രയേൽ പറയുന്നതിലുമധികം സൈനികരെ അവർക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അബു അൽ ഹൈജ പറഞ്ഞു. കോഴിക്കോട്ട് നടന്ന ശിഹാബ് തങ്ങൾ കർമശ്രേഷ്ഠ പുരസ്‌കാര വിതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാലസ്തീൻ സ്ഥാനപതി ഇക്കാര്യം വ്യക്തമാക്കിയത്.
”ഹമാസ് തീവ്രവാദികളല്ല, സ്വാതന്ത്ര്യസമര പോരാളികളാണ്. മറ്റു രാജ്യങ്ങളിലുള്ളവർ ജീവിക്കുന്നതുപോലെ ഞങ്ങൾക്കും സ്വതന്ത്രമായി ജീവിക്കണം. 400 ഇസ്രയേൽ സൈനികർ മരിച്ചെന്നും 1000 പേർക്ക് പരിക്കേറ്റെന്നുമാണ് ഇസ്രയേൽ പറയുന്നത്. അതിലേറെ മരണവും പരിക്കും ഇസ്രയേലിലുണ്ടായിട്ടുണ്ട്.” – എന്നും അബു അൽ ഹൈജ പറഞ്ഞു.