കൊല്ലം: ഓയൂരില്‍ നിന്ന് തട്ടക്കൊണ്ടുപോയ ആറുവയസുകാരിയെ കണ്ടെത്തിയ സന്തോഷം കുട്ടിയെ ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോ പങ്കുവച്ച് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് പങ്കുവച്ചിരുന്നു. പോസ്റ്റ് വൈറലായതിന് പിന്നാലെ എംഎല്‍എയ്ക്കെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നിറഞ്ഞിരുന്നു. കുട്ടിയെ കണ്ടെത്തിയതിന് ഒപ്പം എംഎല്‍എയെ കൂടി കണ്ടെത്തി എന്നായിരുന്നു വിമര്‍ശനങ്ങള്‍.
കുട്ടിയെ കൊല്ലം ആശ്രാമം മൈതാനിയില്‍ നിന്ന് കണ്ടുകിട്ടിയതിനെ പിന്നാലെ മുകേഷ് കുട്ടിയെ സന്ദര്‍ശിക്കുകയായിരുന്നു. കുട്ടിയെ എടുത്ത് നില്ക്കുന്ന ചിത്രവും പങ്കുവെച്ചു. പിന്നാലെയാണ് ട്രോളുകള്‍ എത്തിയത്. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് എത്തിയിരിക്കുകയാണ്.
കുട്ടിയെ എടുത്തത് ഉള്ളില്‍ ഒരച്ഛന് ഉള്ളതിനാലാണ്. അപരിചിതരുടെ ഇടയില്‍ പകച്ചുനിന്ന കുഞ്ഞിന് തന്നെ കണ്ടപ്പോള്‍ ആശ്വാസമായെന്നും ടിവിയിലും സിനിമകളിലും കണ്ടിട്ടുണ്ടെന്ന് കുഞ്ഞ് പറഞ്ഞപ്പോള്‍ വാരിപ്പുണരാന്‍ തോന്നിയെന്നും മുകേഷ് പറയുന്നു. എംഎല്‍എ എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടതിനാലാണ് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടതെന്നും തന്നെ കാണാനില്ല എന്ന നാടകം ഏഴുവര്‍ഷം മുന്‍പ് അവതരിപ്പിച്ചതാണെന്നും മുകേഷ് കുറിച്ചു. തന്റെ ശ്രദ്ധ മുഴുവന്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഇനിയും എന്തെല്ലാം ചെയ്തുകൊടുക്കാന്‍ കഴിയുമെന്നുള്ളതാണെന്നും അദ്ദേഹം പറയുന്നു.
‘നല്ല മനസ്സുള്ള എല്ലാവര്ക്കും എന്നെ ഇഷ്ടമാണ് അതില്‍ പ്രായമില്ല…എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്..അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്നേഹിക്കുന്നു’ മുകേഷ് കുറിച്ചു. കുട്ടിയെ കണ്ടെത്താന്‍ വിശ്രമമില്ലാതെ പണിയെടുത്ത കേരള പോലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട് മുകേഷ്.
Discussion about this post