കൊല്ലം: കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ് ഓയൂരില്‍ 6 വയസുകാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ സംഭവം. കുട്ടിയ്ക്കായുള്ള തിരച്ചില്‍ 14 മണിക്കൂര്‍ പിന്നിട്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ സംഘം കാര്‍ ഉപയോഗിച്ചിരുന്നെങ്കിലും പാരിപ്പള്ളിയിലെ കടയില്‍ സംഘം ഓട്ടോയില്‍ എത്തിയത് പോലീസിനെ കൂടുതല്‍ ആശയകുഴപ്പത്തിലാക്കി.
കുഞ്ഞിനെ കാണാതായി മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ആദ്യ ഫോണ്‍ കോള്‍ അമ്മയുടെ ഫോണിലേക്ക് വന്നിരുന്നു. അഞ്ച് ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു ആദ്യം ഫോണ്‍കോള്‍ വന്നത്. കുട്ടി ഞങ്ങളുടെ കയ്യിലുണ്ടെന്നും 5 ലക്ഷം രൂപ കൊടുത്താല്‍ വിട്ട് നല്‍കാമെന്നായിരുന്നു സംഘം പറഞ്ഞത്. പാരിപ്പള്ളിയിലെ ഒരു കട ഉടമയുടെ ഫോണില്‍ നിന്നായിരുന്നു ഫോണ്‍ കോള്‍. ഈ സമയം സംഘം ഓട്ടോയിലാണ് എത്തിയത്.
എന്നാല്‍ പിന്നീട് രാത്രിയോടെ വീണ്ടും രണ്ടാമത്തെ കോള്‍ എത്തി. 10 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍ കോള്‍ വന്നു. കുട്ടി സുരക്ഷിതയാണ്, ഇന്ന് രാവിലെ 10 മണിക്ക് വീണ്ടും വിളിക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശം.
സ്ത്രീ ശബ്ദത്തിലായിരുന്നു ഫോണ്‍ വന്നതെല്ലാം. ‘കുട്ടി സുരക്ഷിതയാണ്. നിങ്ങള്‍ 10 ലക്ഷം അറേഞ്ച് ചെയ്തോളൂ. നാളെ രാവിലെ 10 മണിക്ക് വീണ്ടും വിളിക്കാം’ എന്നാണ് പറഞ്ഞത്. പോലീസില്‍ അറിയിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്. കാശ് ഇപ്പോള്‍ നല്‍കാം, ഇപ്പോള്‍ തന്നെ കുട്ടിയെ വിട്ടയയ്ക്കുമോ എന്ന ചോദ്യത്തിന് നാളെ നല്‍കാനാണ് ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് എന്നാണ് ഫോണിലൂടെ സ്ത്രീ മറുപടി നല്‍കുന്നത്.
കുട്ടിയ്ക്കായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.കേരള തമിഴ് നാട് അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പോലീസ് കമ്മീഷണറും റൂറല്‍ എസ്പിയും ചേര്‍ന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. ആര്യന്‍കാവ് ചെക്ക്പോസ്റ്റിലും, കോട്ടയം ജില്ലാ അതിര്‍ത്തിയായ ളായിക്കാട് എം സി റോഡിലും, വര്‍ക്കല ഇടവ മേഖലകളിലും കൊല്ലം തിരുവനന്തപുരം അതിര്‍ത്തിയിലും ഇടുക്കിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റിലും കുമളി ചെക്ക് പോസ്റ്റിലും പരിശോധന നടക്കുകയാണ്.
Discussion about this post