തിരുവനന്തപുരം: ഓയൂരില്‍ ആറ് വയസ്സുകാരി അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ശ്രീകാര്യത്ത് നിന്ന് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേരെ ശ്രീകണ്‌ഠേശ്വരത്ത് നിന്ന് പിടികൂടിയത്. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സൂചനകളുണ്ട്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
ശ്രീകണ്‌ഠേശ്വരം കാര്‍ വാഷിംഗ് സെന്ററില്‍ നിന്നാണ് ശ്രീകാര്യം പോലീസ് രണ്ടുപേരെ പിടികൂടിയത്. കാര്‍ വാഷിംഗ് സെന്റര്‍ ഉടമ പ്രതീഷിനെയും മറ്റൊരാളേയുമാണ് കസ്റ്റഡിയിലെടുത്തത്. റെന്റ് എ കാര്‍ എന്ന നിലയിലാണ് ഇവര്‍ കാര്‍ വാങ്ങിയത് എന്നും സൂചനകളുണ്ട്. ഇവരില്‍ നിന്ന് 500 രൂപയുടെ 19 കെട്ടുകള്‍ പിടികൂടി. ഒന്‍പത് ലക്ഷം രൂപയാണ് കാറിന് നല്‍കിയത്.
അതേസമയം, പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പോലീസ് പുറത്തുവിട്ടു. കൊല്ലത്ത് ഐജി ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് തിരച്ചിലിന് നേതൃത്വം നല്‍കുന്നു. പ്രതികള്‍ ഫോണ്‍ ചെയ്യാനെത്തിയ കടയിലെ ആളുകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ഐ.ജി ജി.സ്പര്‍ജന്‍കുമാര്‍ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയവരെന്ന് സംശയിക്കുന്നവര്‍ ഇന്നലെ വൈകിട്ട് രണ്ടുതവണ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. ആദ്യം അഞ്ചുലക്ഷം രൂപയും രണ്ടാമത് 10 ലക്ഷം രൂപയും മോചനദ്രവ്യം ആവശ്യപ്പെട്ടു.
Discussion about this post