പത്തനംതിട്ട: നടി ഫിലോമിനയുടെ ജീവിത പങ്കാളിയായിരുന്ന സണ്ണി വാർധക്യത്തിൽ ഒറ്റപ്പെട്ടതോടെ നിരവധി പേർക്ക് ആശ്രയമായ പത്തനാപുരം ഗാന്ധി ഭവനിൽ അഭയം തേടി.
നടൻ ടിപി മാധവൻ ഉൾപ്പെടെയുള്ള 1300ഓളം അന്തേവാസികളുള്ള ഗാന്ധി ഭവനിൽ ശിഷ്ടകാലം ജീവിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. വിഖ്യാതനടൻ പ്രേംനസീറിനൊപ്പം എല്ലാ സഹായങ്ങൾക്കും നിഴൽ പോലെ കൂടെയുണ്ടായിരുന്ന വ്യക്തിയാണ് സണ്ണി. പിന്നീടാണ് ഫിലോമിനയുടെ ജീവിത പങ്കാളിയായത്. മരണം വരെ നടി ഫിലോമിനയ്ക്കൊപ്പം സണ്ണി ജീവിച്ചിരുന്നു.
അവസാനകാലത്ത് ഫിലോമിനയ്ക്ക് തണലായതും സണ്ണിയായിരുന്നു. ഇവരുടെ ബന്ധത്തിലുണ്ടായ മകൻ ജോസഫിന്റെ വിവാഹം നടത്തിക്കൊടുത്തതും സണ്ണി തന്നെ. പക്ഷെ നടി ഫിലോമിനയുടെ മരണത്തോടെ സണ്ണി ഒറ്റപ്പെടുകയായിരുന്നു.
പ്രേംനസീറിന്റെ പഴയ സിനിമകളുടെ സംപ്രേഷണാവകാശം മലയാളം ടെലിവിഷൻ ചാനലുകൾക്ക് നൽകുമ്പോൾ ലഭിക്കട്ടുന്ന ചെറിയ വരുമാനമായിരുന്നു ഏറെക്കാലമായി ഉണ്ടായിരുന്ന ഏക സമ്പാദ്യം. സണ്ണിക്ക് പ്രേനസീർ പണ്ടൊരിക്കൽ വാങ്ങി നൽകിയ ചെറിയൊരു വീടും പറമ്പും സ്വന്തമായുണ്ടെങ്കിലും അത് സഹോദരിയുടെ കൈവശമാണ്. സണ്ണി അവിടെ താമസിക്കുന്നത് അനിയത്തിക്ക് താൽപര്യമില്ലാതായതോടെയാണ് സണ്ണി വീടുവിട്ടത്. ആ വീട്ടിലുള്ള അവകാശം ചോദിക്കാനും സണ്ണി മുതിർന്നില്ല.
മരണത്തിന് മുൻപ് ഫിലോമിന തന്റെ സ്വത്തിന്റെ ഒരു ഭാഗം സണ്ണിക്ക് നൽകണമെന്ന് എഴുതിവെച്ചിരുന്നെങ്കിലും ഇതുവരെ മകൻ ഒന്നും നൽകിയിട്ടില്ല. അവിടേയും അവകാശം ചോദിക്കാൻ സണ്ണിക്ക് താൽപര്യമില്ല.
ഇപ്പോൾ ഒടുവിൽ തികച്ചും ഒറ്റപ്പെടുകയും ശാരീരിക അവശതകൾ വേട്ടയാടാൻ തുടങ്ങുകയും ചെയ്തതോടെയാണ് സുഹൃത്തും തിരക്കഥാകൃത്തുമായ ചന്ദ്രമോഹൻ് ആണ് പത്തനാപുരം ഗാന്ധിഭവനെ കുറിച്ച് അറിയിച്ചത്. ഇതോടെയാണ് സണ്ണിയും ഗാന്ധിഭവനിൽ അഭയം തേടിയത്. നിലവിൽ ഇവിടെ 1300 ഓളം അന്തേവാസികളുണ്ട്.
Discussion about this post