പേരാവൂര്‍: കണ്ണൂരില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കി.
കണ്ണൂര്‍ പേരാവൂര്‍ കൊളക്കാടിലെ മുണ്ടക്കല്‍ എംആര്‍ ആല്‍ബര്‍ട്ടിനെയാണ് (68) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഭാര്യ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോയി തിരിച്ചുവന്നപ്പോഴാണ് ആല്‍ബര്‍ട്ടിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെയാണ് ആത്മഹത്യ. 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണസംഘം പ്രസിഡന്റായിരുന്നു. കേരള ബാങ്ക് പേരാവൂര്‍ ശാഖയില്‍ നിന്ന് ആല്‍ബര്‍ട്ടിന് കഴിഞ്ഞ ദിവസം ജപ്തിനോട്ടീസ് ലഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ലോണ്‍ തിരിച്ചടക്കേണ്ട അവസാന ദിവസം.
ഞായറാഴ്ച കുടുംബശ്രീയില്‍ നിന്ന് പൈസ തരപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നാട്ടിലെ സര്‍വ മേഖലകളിലെയും നിറ സാന്നിധ്യവുമായിരുന്നു എംആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ആല്‍ബര്‍ട്ട്.