ഫറോക്ക്: മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹവുമായി എത്തിയ അമാൻ അലി(14)യെന്ന വിദ്യാർത്ഥിയുടെ മോഹം ഒടുവിൽ സഫലമായി. നവകേരള സദസിനിടെ മുഖ്യമന്ത്രിയെ കാണുക മാത്രമല്ല, വരച്ച ചിത്രം സമ്മാനിക്കാനും അമാൻ അലിക്കായി. ജന്മനാ ഇരുകൈകളുമില്ലാത്ത അമാൻ അലി കാൽവിരലുകൾ കൈകളാക്കിയാണ് ചിത്രം വരച്ചത്. പെൻസിൽകൊണ്ട് വരച്ച അദ്ദേഹത്തിന്റെ ചിത്രം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനു സമ്മാനിച്ചത്.
അതീവ സന്തോഷത്തോടെ ചിത്രം സ്വീകരിച്ച മുഖ്യമന്ത്രി അമാൻ അലിയെ ചേർത്ത് നിർത്തി ഫോട്ടോയ്ക്കു പോസും ചെയ്തു. അരക്കിണറിലെ എൻകെ നൗഷാദലിസി റസിയ ദമ്പതികളുടെ മകനായ അമാൻ അലി മീഞ്ചന്ത ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥിയുമാണ്.
കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലായിരുന്നു നവകേരള സദസ്. ഇതിനിടെയായിരുന്നു അമാൻ അലി മുഖ്യമന്ത്രിയെ കണ്ടത്. ജനം ഒഴുകിയെത്തിയതോടെ മുക്കത്തെ നവകേരള സദസ്സ് ജനസാഗരമാകുന്നതാണ് കണ്ടത്.
10,000 പേർക്ക് ഇരിപ്പിടം ഒരുക്കിയെങ്കിലും അതിലേറെ പേരാണ് എത്തിയത്. തിരുവമ്പാടി നിയോജക മണ്ഡലതല നവകേരള സദസ്സ് ഒരുക്കിയ അനാഥശാലയുടെ ഒഎസ്എ ഓഡിറ്റോറിയത്തിനു പുറത്ത് വിശാലമായ പന്തലിൽ ആളുകളെ ഉൾക്കൊള്ളിക്കാൻ കഴിയാതെ അധികൃതരും വിഷമിച്ചു. 15000 പേർ പങ്കെടുത്തതായി സംഘാടകർ പിന്നീട് അറിയിച്ചു.
രാവിലെ 8 മുതൽ തന്നെ വേദിയിലേക്ക് മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തി തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തുമ്പോഴും ആളുകൾ എത്തിക്കൊണ്ടിരുന്നു. ഒടുവിൽ തിരക്ക് നിയന്ത്രിക്കാൻ അധികൃതരും പാടുപെടുന്നതാണ് കാണാനായത്.