കൊച്ചി: കുസാറ്റ് സര്‍വകലാശാലയിലുണ്ടായ ദാരുണ അപകടത്തില്‍ നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കുസാറ്റ് ദുരന്തം ഹൃദയഭേദകമാണെന്നും തന്റെ മനസ്സ് മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പമാണെന്നും നടന്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം.
‘കുസാറ്റില്‍ ഉണ്ടായ അപകടം അത്യന്ത്യം വേദനാജനകമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ ആരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നു,’ മമ്മൂട്ടി കുറിച്ചു.
കുസാറ്റില്‍ സംഗീതനിശയ്ക്ക് മുന്നോടിയായുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ 42 പേര്‍ 3 ആശുപത്രികളിലായി ചികിത്സയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇതില്‍ 2 പേര്‍ വെന്റിലേറ്ററിലും 5 പേര്‍ ഐസിയുവിലും 35 പേര്‍ വാര്‍ഡിലും ചികിത്സയിലാണ്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് സ്‌പെഷ്യല്‍ മെഡിക്കല്‍ ബോര്‍ഡിന് വേണ്ടി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.
കുസാറ്റില്‍ സംഗീതപരിപാടിക്ക് മുന്നോടിയായി തിരക്കില്‍പെട്ട് വിദ്യാര്‍ഥികള്‍ മരിച്ചത് ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നാലുപേരെയും ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
മതിയായ സുരക്ഷാ നടപടികള്‍ സംഗീത പരിപാടിക്കായി സ്വീകരിച്ചില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് എഡിജിപിക്ക് സമര്‍പ്പിച്ചത്. കൂടുതല്‍ ആളുകള്‍ എത്തുമെന്ന് അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ല. പരിപാടിയുടെ നടത്തിപ്പിലും വീഴ്ച പറ്റി.
മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം ക്യാമ്പസിലെ പൊതുദര്‍ശനത്തിന് ശേഷം വീടുകളിലേയ്ക്ക് കൊണ്ടുപോയി. മന്ത്രിമാരുള്‍പ്പടെ വിവിധ മേഖലകളിലുള്ളവര്‍ ക്യാമ്പസിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. അപ്രതീക്ഷിത അപകടത്തിന്റെ നടുക്കം കലാലയത്തില്‍ നിന്നും വിട്ടൊഴിഞ്ഞിട്ടില്ല.
Discussion about this post