കോട്ടയം: വിവാദത്തിലായ റോബിന്‍ ബസ് ഉടമ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം. കോടതി വാറണ്ടിനെ തുടര്‍ന്നാണ് അറസ്റ്റ്. ഗിരീഷുമായി പോലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പോലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികള്‍.
നേരത്തെ റോബിന്‍ ഗിരീഷിനെതിരെ മൂത്ത സഹോദരന്‍ ബേബി ഡിക്രൂസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തന്നെ ഗിരീഷ് വര്‍ഷങ്ങളായി പീഡിപ്പിക്കുകയും അര്‍ഹമായ സ്വത്തുക്കളും വസ്തുക്കളും കൈയ്യടക്കി ജീവിക്കുകയും ചെയ്യുകയാണെന്നായിരുന്നു പരാതി. റോബിന്റെ ഭീഷണി മൂലം 20 വര്‍ഷത്തോളമായി താനും കുടുംബവും ഒളിവിലെന്ന പോലെ പല സ്ഥലങ്ങളില്‍ മാറി മാറി കഴിയുകയാണ്. രോഗിയായ തന്റെ അമ്മയെ കാണുന്നതിന് പോലും റോബിന്‍ അനുവദിക്കുന്നില്ല. മുഖ്യമന്ത്രി ഇടപെട്ട് അമ്മയെ കാണാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും സഹോദരന്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
തന്നെയും പ്രായമായ പിതാവിനെയും ഗിരീഷ് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇപ്പോഴും ഭീഷണി ഭയന്നാണ് ജീവിക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്ന് അപേക്ഷിക്കുന്നതായും കത്തില്‍ ബേബി ഡിക്രൂസ് ആവശ്യപ്പെടുന്നു.
Discussion about this post