കൊച്ചി: കുസാറ്റിലെ അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളം ഒന്നടങ്കം. വിദ്യാര്‍ഥികളുടെ ആഘോഷരാവിലാണ് ദുരന്തം വന്നെത്തിയത്. അപകടത്തില്‍ മരണപ്പെട്ട ആല്‍ബിന്‍ ജോസഫിനെ അപ്രതീക്ഷിതമായാണ് മരണം കവര്‍ന്നെടുത്തത്. മരണപ്പെട്ട ആല്‍ബിന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയതായിരുന്നു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സുഹൃത്തിനൊപ്പം ആല്‍ബിന്‍ കൊച്ചിയിലേക്ക് പോയത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ആല്‍ബിന്‍.
ആല്‍ബിന്‍ ജോസഫിന്റെ കുടുംബം വലിയൊരു കടബാധ്യതയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. കേരളബാങ്കില്‍ നിന്നുള്‍പ്പടെ ആല്‍ബിന്റെ കുടുംബത്തിന് ഏതാനു ദിവസം മുന്‍പ് നോട്ടീസ് ലഭിച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് ലോണെടുത്തത്. ഏകദേശം എട്ടു ലക്ഷം രൂപയോളം കടമുണ്ട്. ജപ്തി നടപടികളിലേക്ക് കടന്നിട്ടില്ല. ഈ ലോണ്‍ ഒന്നും തിരിച്ചടയ്ക്കാനുള്ള ശേഷി കുടുംബത്തിനില്ല. അച്ഛന്‍ ടാപ്പിങ് തൊഴിലാളിയാണ്. അങ്ങനെ സാമ്പത്തികമായി വളരെ മോശം അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറയുന്നു.
ശനിയാഴ്ച രാവിലെയാണ് ആല്‍ബിന്‍ കൊച്ചിയിലെത്തിയത്. ഒരു തവണ വിളിച്ചപ്പോള്‍ തൃശൂരെത്തിയെന്ന് പറഞ്ഞിരുന്നു. പിന്നെ വിളിച്ചിട്ടു കിട്ടിയില്ല. ദുരന്തവാര്‍ത്ത കണ്ടപ്പോഴും നിരന്തരം വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീടാണ് ഈ നാട്ടുകാരനാണ് മരിച്ചവരിലൊരാളെന്ന് അറിഞ്ഞതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറയുന്നു.
പാലക്കാട് മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പില്‍ ജോസഫിന്റെ മകനായ ആല്‍ബിന്‍ ഇലക്ട്രീഷ്യനാണ്. എറണാകുളത്ത് നഴ്‌സായി ജോലി ചെയ്യുന്ന സഹോദരിയുടെ അടുത്ത് ഇന്നലെ രാവിലെയാണ് എത്തിയത്.
എറണാകുളത്ത് നഴ്‌സായി ജോലി ചെയ്യുന്ന സഹോദരിയെ കാണാനും കുസാറ്റില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനുമായിരുന്നു യാത്ര. സഹോദരിയെ കണ്ട ശേഷമാണ് കുസാറ്റില്‍ നടക്കുന്ന സംഗീതനിശ കാണാനായി ആല്‍ബിന്‍ പോയത്. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് പഠിച്ച ആല്‍ബിന്‍ പരീക്ഷ എഴുതിയത് കുസാറ്റിലാണ്. കുസാറ്റില്‍ ആല്‍ബിന് സൗഹൃദങ്ങളുണ്ടായിരുന്നു. ജോലിക്കായി ഗള്‍ഫില്‍ പോകാനിരിക്കുകയായിരുന്നു. നാട്ടില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്യുന്നതിനിടെയാണ് ഗള്‍ഫിലെ ജോലിക്കായി ശ്രമിച്ചിരുന്നത്. ആല്‍വിന്റെ വിയോഗത്തോടെ കുടുംബത്തിന്റെ ആശ്രയമറ്റിരിക്കുകയാണ്.