കൊച്ചി:രാജ്യത്തെ വിനോദസഞ്ചാരികൾക്കു വേണ്ടിയാണ് ഓൾ ഇന്ത്യാ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അറിയിച്ചു. ഏപ്രിലിൽ പുതിയ പെർമിറ്റ് സംവിധാനം പരിചയപ്പെടുത്താൻ തയ്യാറാക്കിയ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.
ഇതോടെ ഓൾ ഇന്ത്യാ പെർമിറ്റ് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിലേക്ക് റൂട്ട് സർവീസ് നടത്താമെന്ന റോബിൻ ബസ് ഉടമയുടെ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞെന്ന് വീഡിയോ പുറത്തുവിട്ട് സംസ്ഥാന ഗതാഗതവകുപ്പ് അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ നികുതി-പെർമിറ്റ് വ്യവസ്ഥകളിലെ വൈവിധ്യം വിനോദസഞ്ചാരമേഖലയ്ക്ക് ഉണ്ടാക്കുന്ന തടസ്സം പരിഹരിക്കാനാണ് ഓൾ ഇന്ത്യാ പെർമിറ്റ് സംവിധാനമെന്ന് വീഡിയോയിൽ വ്യക്തമാണ്.
പലപ്പോഴും പെർമിറ്റിനുവേണ്ടി കോൺട്രാക്ട് വാഹനങ്ങൾ ചെക്‌പോസ്റ്റുകളിൽ കാത്തുകിടക്കുന്നത് സമയനഷ്ടമുണ്ടാക്കും. ഇതൊഴിവാക്കാനാണ് ഓൾ ഇന്ത്യാ പെർമിറ്റ് മാതൃകയിൽ പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് വീഡിയോയിൽ പറയുന്നുണ്ട്.
ഇതിനിടെ, റോബിൻ ബസിന്റെ യാത്ര തടഞ്ഞ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ട് ഗതാഗതസെക്രട്ടറി ബിജു പ്രഭാകർ രംഗത്തെത്തി. അന്തർസംസ്ഥാനപാതയിൽ അനധികൃതമായി ബസ് ഓടിക്കുന്ന ലോബിയാണ് റോബിനു പിന്നിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോടതി ബസ്സുടമയ്ക്ക് അനുമതി നൽകിയത് സ്വീകരിച്ച ബുക്കിങ്ങുകളിൽ സർവീസ് നടത്താനാണ്. വഴിയിൽനിന്ന് ആളെക്കയറ്റി സർവീസ് നടത്തിയതോടെയാണ് പിടിച്ചെടുത്തത്. ഹൈക്കോടതിവിധിയുടെ നഗ്നമായ ലംഘനമാണ് ബസ്സുടമയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഈ പരീക്ഷണം വിജയിച്ചാൽ മറ്റു ബസുകാരും ചെറുകിട വാഹനങ്ങളും സമാന്തരസർവീസ് ആരംഭിക്കും. ഇത് പൊതുഗതാഗതമേഖല പൂർണമായി തകരാനിടയാക്കുമെന്നും ബിജു പ്രഭാകർ പറഞ്ഞു.
Discussion about this post