‘ഹൃദയം തകർന്നുപോയി, ദുഃഖം പങ്കിടാൻ വാക്കുകളില്ല’; പാടാനെത്തും മുൻപെയുള്ള ദുരന്തത്തിൽ തകർന്ന് ഗായിക നികിത ഗാന്ധി

കൊച്ചി: ഒരാഴ്ചയായി ഓടിപ്പാഞ്ഞു നടന്ന് ടെക് ഫെസ്റ്റ് ധിഷ്ണ വിജയിപ്പിക്കാനായി പരിശ്രമിച്ച വിദ്യാർത്ഥികൾക്ക് ആശ്വാസമായിട്ടായിരുന്നു ആ സംഗീത നിശ ഒരുക്കപ്പെട്ടത്. ഒരു ദിവസം മാത്രം ശേഷിക്കെ ടെക് ഫെസ്റ്റ് ആഘോഷമാക്കാനായി വിദ്യാർത്ഥികൾ തന്നെ മുൻകൈയ്യെടുത്താണ് യുവാക്കൾക്കിടയിൽ തരംഗമായ ഗായിക നികിത ഗാന്ധിയെ എത്തിച്ച് ഗാനസന്ധ്യയ്ക്ക് ഒരുക്കം നടത്തിയത്.

എന്നാൽ പരിപാടി തുടങ്ങും മുൻപ് തന്നെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്ക് ആളുകളെ കയറ്റിവിട്ടുകൊണ്ടിരിക്കെ ദുരന്തം വന്നുവിളിച്ചു. നാല് പേരുടെ ജീവൻ നഷ്ടമാക്കിയ തിക്കും തിരക്കും കേരളത്തെ തന്നെ ഞെട്ടിച്ചു.

വേദിയിലേക്ക് നികിത എത്തുന്നതിന് മുൻപെയായിരുന്നു ഈ അപകടം. ഇതോടെ അവർ പാടാനെത്തിയില്ല. ഒപ്പം ഹൃദയം നുറുങ്ങുന്ന വേദന പങ്കിടുകയും ചെയ്തു.

‘കൊച്ചിയിലെ സംഭവത്തിൽ ഹൃദയം തകർന്നുപോയി. വേദിയിലെത്താനോ പരിപാടി തുടങ്ങാനോ കഴിയും മുൻപായിരുന്നു നിർഭാഗ്യകരമായ സംഭവം. ഈ കനത്ത ദുഃഖം വിവരിക്കാൻ വാക്കുകളില്ല. വിദ്യാർഥികളുടെ കുടുംബങ്ങൾക്കൊപ്പം പ്രാർഥനയിൽ ചേരുന്നു.’ – നികിത സോഷ്യൽമീഡിയയിൽ ദുഃഖം പങ്കിട്ടു.

ജനപ്രിയ ബോളിവുഡ്-തെന്നിന്ത്യൻ സിനിമാ ലോകത്തെ ഗായികയാണ് നികിത ഗാന്ധി. ബംഗാളി പഞ്ചാബി കുടുംബവേരുകളുള്ള നികിത(32)യുടെ ജനനം 1991ൽ കൊൽക്കത്തയിലായിരുന്നു. ചെന്നൈയിൽ ഡെന്റിസ്ട്രി കോഴ്‌സ് പഠിക്കാനെത്തിയപ്പോഴാണ് സംഗീത ലോകത്തേക്ക് തിരിഞ്ഞത്.

ALSO READ- കുസാറ്റ് ദുരന്തം; വിദ്യാര്‍ത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായതായി വൈസ് ചാന്‍സിലര്‍, 38 പേര്‍ ചികിത്സയില്‍

എആർ റഹ്‌മാന്റെ കെഎം കോളജ് ഓഫ് മ്യൂസിക്കിലായിരുന്നു പിന്നീട് സംഗീത പഠനം. 2015 ലെ ശങ്കർ ചിത്രം ‘ഐ’യിലെ ലേഡിയോ പ്രശസ്തി നേടിക്കൊടുത്തു. റഹ്‌മാന്റെ ഒട്ടേറെ പാട്ടുകളുടെ വേറിട്ട ശബ്ദമായി. ദീപിക പദുക്കോണിന്റെ റാബ്തയാണ് പിന്നീട് നികിതയ്ക്ക് പ്രശസ്തി നൽകിയത്. ഒടുവിലെത്തിയ ലിയോയിലെ ഗാനത്തിലും നികിതയുടെ ശബ്ദമുണ്ട്.

Exit mobile version