കുസാറ്റിലെ ഗാനമേളയ്ക്കിടെ തിക്കും തിരക്കും; നാല് വിദ്യാർത്ഥികൾ മരിച്ചു; 50ലേറെ പേർക്ക് പരിക്ക്; നിരവധി പേർ കുഴഞ്ഞുവീണു

കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിലുണ്ടായ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾക്ക് ദാരുണമരണം. അമ്പതിലധികം പേർക്ക് പരുക്കേറ്റു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

ഇവരുടെ മൃതദേഹം കളമേശരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവമുണ്ടായത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി.

ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വിദ്യാർത്ഥികൾ മറിഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ഇവർക്ക് മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പുറത്ത് നിന്നുള്ളവരും ഫെസ്റ്റിനെത്തിയിരുന്നു.

ALSO READ- പാചകത്തിനിടെ മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരിക്ക്; ചികിത്സയിൽ
പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു. ഗാനമേളയ്ക്കിടെ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്ത് ആഘോഷമാക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പെട്ടെന്ന് മഴ പെയ്തതോടെ ആളുകൾ കൂട്ടമായി എത്തിയതാണ് അപകട കാരണമായത്.

നിരവധി പേർ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version