തിരുവനന്തപുരം: ആറ് പേർക്ക് മരണത്തിലൂടെ പുതുജീവൻ നൽകി കണ്ണീരോർമ്മയായി മാറി സെൽവിൻ ശേഖർ(36). തമിഴ്നാട് കന്യാകുമാരി വിളവിൻകോട് സ്വദേശിയായ സെൽവിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവങ്ങൾ ദാനം ചെയ്തത്. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവദാനം നിർവഹിക്കുന്നത്.
സെൽവിന്റെ ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കണ്ണുകൾ തുടങ്ങിയ അവയവങ്ങളെല്ലാം ദാനം നൽകാൻ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു. അതീവ ദുഃഖത്തിലും അവയവദാനത്തിനു മുന്നോട്ടുവന്ന സ്റ്റാഫ് നഴ്സ് കൂടിയായ ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദിയറിയിച്ചു.
സെൽവിന്റെ ഹൃദയം ലിസി ഹോസ്പിറ്റലിലെ 16കാരനായ രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണു നൽകുന്നത്. കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികൾക്കും നൽകും.
തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു സെൽവിൻ ശേഖർ. ഭാര്യയും സ്റ്റാഫ് നഴ്സാണ്. കടുത്ത തലവേദനയെ തുടർന്നാണ് സെൽവിൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ ചികിത്സ തേടിയത്. തുടർന്ന് നവംബർ 21ന് കിംസിലും സെൽവിൻ ശേഖർ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി.
ചികിത്സകൾ തുടരവേ നവംബർ 24ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. തുടർന്ന് അവയവദാനത്തിന്റെ മഹത്വമറിയുന്ന ഭാര്യയാണ് അവയവദാനത്തിനു സന്നദ്ധതയറിയിച്ചത്.
ALSO READ- വിവാഹം കഴിപ്പിക്കുന്നില്ല; തർക്കത്തിനിടെ പോലീസുകാരനായ മകനെ കൊലപ്പെടുത്തി സഹോദരനും പിതാവും
തുടർന്ന് അവയവ വിന്യാസം വേഗത്തിലാക്കാനായി മന്ത്രി വീണാ ജോർജ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഹെലികോപ്റ്ററിലാണ് അവയവങ്ങൾ വിന്യസിക്കുന്നത്. സുഗമമായ അവയവ
വിന്യാസത്തിനു മുഖ്യമന്ത്രി പോലീസിനും നിർദേശം നൽകുകയായിരുന്നു.
തുടർന്ന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിലാണ് ഹൃദയം കൊച്ചയിലെത്തിച്ചത്. ബോൾഗാട്ടി ഹെലിപ്പാടിൽനിന്ന് ലിസി ആശുപത്രിയിലേക്ക് ഹൃദയം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കടന്നുപോകാൻ റോഡിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.