കേരളത്തില്‍ വന്‍ ചാര്ച്ചയായ റോബിന് ബസിന്റെ കഥ സിനിമയാകുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. റോബിന്: ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് ബി മോളിക്കല്‍ ആണ്. സതീഷ് ആണ് റോബിന്റെ കഥയും തിരക്കഥയും രചിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴിലും സിനിമ റിലീസിനെത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നാണ് വിവരം. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സിനിമ നിര്‍മിക്കുന്നത്. അതേസമയം, സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
പ്രശാന്ത് ബി മോളിക്കലിന്റെ കുറിപ്പ്
‘സുഹൃത്തുക്കളെ… വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയില്‍ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിന് ബസ് ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളില്‍ എന്റെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയില്‍ അതിന്റെ റിലീസ് എത്തി നില്‍ക്കുകയും ആണ്. ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാര്‍ത്ഥ വിജയത്തിനായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കഥകള്‍ അന്വേഷിച്ച് തുടങ്ങുകയും, അവയില്‍ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നില്‍ക്കുകയും, മറ്റ് ചില കഥകള്‍ ചര്‍ച്ചകളില്‍ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിന് ബസ് സംഭവം നമുക്ക് മുന്നില്‍ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിര്‍മ്മിതങ്ങളായ ടാര്‍ഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിന്‍ബലത്തില്‍ തച്ചുടച്ച് തകര്‍ത്തു കൊണ്ടുള്ള റോബിന് ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങള്‍ ഇറങ്ങുകയാണ്. Based on a true story- ROBIN – All india tourist permit.IY പറഞ്ഞപ്പോള്‍ തന്നെ നമുക്കിത് ചെയാം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന നിര്‍മ്മാതാക്കളെ നന്ദിയോടെ ഓര്‍ക്കുന്നു. എല്ലാവരുടേയും സഹായ സഹകരണങ്ങളും, വിലയേറിയ പിന്തുണയും പ്രതീക്ഷിച്ച് കൊണ്ട് പ്രശാന്ത് മോളിക്കല്‍’.
Discussion about this post