പത്തനംതിട്ട: പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിന്‍ ബസ് എംവിഡി പിടിച്ചെടുത്തിരിക്കുകയാണ്. ബസിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് എംവിഡി പിടിച്ചെടുത്തത്. വന്‍ പോലീസ് സന്നാഹത്തോടെയാണ് എംവിഡി കര്‍ശന നടപടി എടുത്തത്.
അതേസമയം, ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹനത്തിന്റെ പെര്‍മിറ്റ് എന്നിവ റദ്ദാക്കുന്നതിനും നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചു. ഇപ്പോഴിതാ, ബസ് പിടിച്ചെടുത്ത നടപടിക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റോബിന്‍ ബസ് ഉടമ ഗിരീഷ്. ബസ് ഉടന്‍ പുറത്തിറിക്കുമെന്നും ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് ബോര്‍ഡ് വച്ച് സര്‍വീസ് നടത്തുമെന്നും ബസുടമ അറിയിച്ചു.
ബസുടമയുടെ വാക്കുകള്‍….
അവര്‍ക്ക് എന്ത് വേണേലും ചെയ്യാലോ, അവര് ചെയ്യുന്ന നടപടി അവര് ചെയ്യട്ടെ. സൂര്യന്‍ അസ്തമിച്ചാലും ആ കക്ഷി 12 മണിക്കൂര്‍ കഴിഞ്ഞ് മറവശത്ത് വരുന്നുണ്ട്. അത്രയും കണക്കിലാക്കിയാല്‍ മതി.
നിരന്തരം നിയമം ലംഘിക്കുന്നുവെന്ന് പറയുന്ന എംവിഡിക്കാരില്‍ 90 ശതമാവും കൈക്കൂലിക്കാരാണെന്ന് പറയുന്നുണ്ടല്ലോ. വിജിലന്‍സുകാര്‍ എത്ര പിടിച്ചിട്ടും ഒന്നും നടക്കുന്നില്ലാലോ. ഞാന്‍ നിയമലംഘകരാണെന്ന് അവരല്ലേ പറയുന്നുള്ളൂ. അവരുടെ ക്രെഡിബിലിറ്റി അത്രയേ ഉള്ളൂ.
പെമിറ്റ് റദ്ദ് ചെയ്യുന്ന നടപടിയിലേക്കൊന്നും അവര്‍ക്ക് പോകാനാകില്ല. അതൊക്കെ പുച്ഛത്തോടെ തള്ളിക്കളയുന്നു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിയമങ്ങളുണ്ട്. അതല്ലാതെ പറ്റില്ല. ഞാന്‍ ചുമ്മാതിരിക്കില്ല.
അരുണ്‍ എസ് എന്ന ഉദ്യോഗസ്ഥനെ രണ്ട് ദിവസം കഴിഞ്ഞ് കാണുന്നുണ്ട്, കായികമായല്ല. നിയമപരമായി എന്താണെന്ന് കാണിച്ച് കൊടുക്കും. ഫൈനല്‍ കളി വരുന്നത് പുറകെയാണ്. ഒരു കടുകുമണിക്ക് പിന്മാറില്ല. മൂന്ന് നാല് മാസമായല്ലോ കളി തുടങ്ങിയിട്ട്. പെര്‍മിറ്റ് എടുത്തത് മുതല്‍ തടസം തുടങ്ങിയതാണല്ലോ. എന്നിട്ടും ഇതുവരെ ഓടിയില്ലേ. എന്നെക്കൊണ്ട് പറ്റുന്നതുപോലെ ഒക്കെ ഇനിയും ചെയ്യും.
നിങ്ങള്‍ നോക്കിക്കോളൂ… ഉടന്‍ ഞാന്‍ ബസ് പുറത്തിറക്കും. ഇറക്കുക മാത്രമല്ല, ഇത് ഓടാന്‍ വിട്ടിട്ട്, പത്ത് ദിവസത്തിനകം ഞാന്‍ ചെങ്ങന്നൂര്‍- പമ്പ സര്‍വീസ് നടത്തുകയും ചെയ്യും. ബോഡ് വച്ച് തന്നെ സര്‍വീസ് നടത്തും- ഗിരീഷ് വ്യക്തമാക്കി.
Discussion about this post