കൊച്ചി: മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ഇതര സംസ്ഥാന തൊഴിലാളിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടിയ ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസറെ കുറിച്ചുള്ള വാര്‍ത്തയാണിത്.
കൊച്ചി സിറ്റി നോര്‍ത്ത് വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ എംഎ ആര്യയാണ് നാലുമാസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ പകര്ന്നുനല്കിയത്. പട്ന സ്വദേശിനി അജനയുടേതാണ് കുഞ്ഞ്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കു വന്നതായിരുന്നു അജന.
also read: നെടുമ്പാശ്ശേരിയില്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; രണ്ട് യാത്രക്കാര്‍ പിടിയില്‍
അജനയുടെ ഹൃദയവാല്‍വ് നേരത്തേ മാറ്റിവെച്ചിരുന്നു. വാല്‍വില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അജന ആശുപത്രിയില്‍ അഡ്മിറ്റായതോടെ ആശുപത്രി അധികൃതര്‍ക്ക് കുട്ടികളെ ഏല്‍പ്പിക്കാന്‍ ആളില്ലാതായി.
കുട്ടികളെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ പൊലീസ് സ്റ്റേഷനിലേക്കും കണ്ട്രോള് റൂമിലേക്കും ആശുപത്രി അധികൃതര്‍ സന്ദേശമയക്കുകയായിരുന്നു. അതോടെ 13 ഉം അഞ്ചും മൂന്നും നാലുമാസവും പ്രായവുമുള്ള കുട്ടികളെ പോലീസുദ്യോഗസ്ഥകരെത്തി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.
also read: ഗാസയില്‍ നാളെ മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, ആദ്യ ബാച്ച് ബന്ദികളെ കൈമാറും
മൂത്തകുട്ടികള്‍ക്ക് പോലീസുദ്യോഗസ്ഥര്‍ ഭക്ഷണം വാങ്ങി നല്കി. എന്നാല്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് എന്ത് നല്‍കും എന്ന ആശങ്കയിലായിരുന്നു. വിശന്ന് കുട്ടി കരയാനും തുടങ്ങി. അപ്പോഴാണ് മുലപ്പാല്‍ പകര്ന്നുനല്കാന് ആര്യ മുന്നോട്ട് വന്നത്. ശേഷം കുട്ടികളെ എസ്ആര്‍എം റോഡിലുള്ള ശിശുഭവനിലേക്ക് മാറ്റി. പൊന്നാരിമംഗലത്ത് താമസിക്കുന്ന അജനയുടെ ഭര്‍ത്താവ് ജയിലിലാണെന്ന് പൊലീസ് പറഞ്ഞു.
Discussion about this post