കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കൊല്ലൂരില്‍ വില്ല നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങിയെന്നാണ് പരാതി. ശ്രീശാന്തിനെ കൂടാതെ രാജീവ് കുമാര്‍, കെ. വെങ്കിടേഷ് കിനി എന്നിവരാണ് പണം വാങ്ങിയത്. പണം തിരികെ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് വിശ്വസിപ്പിച്ചതായും പരാതിക്കാരന്‍ ബാലഗോപാല്‍ പറഞ്ഞു.
കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരന്‍. ബാലഗോപാലിന്റെ പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. തൊട്ടുപിന്നാലെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് എടുത്തു. 2019ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.
കണ്ണൂര്‍ ചെറുകുന്ന് ചുണ്ട സ്വദേശിയായ സരീഗ് ആണ് പരാതിക്കാരന്‍. ഇയാള്‍ 2019ല്‍ മൂകാംബിക ദര്‍ശനത്തിന് പോയപ്പോള്‍ രാജീവ് കുമാര്‍, വെങ്കിടേഷ് എന്നീ ഉഡുപ്പി സ്വദേശികളായ രണ്ട് പേരെ പരിചയപ്പെടുന്നു. ഇതില്‍ വെങ്കിടേഷിന്റെ ഉടമസ്ഥതയില്‍ അഞ്ച് സെന്റ് സ്ഥലം മൂകാംബികയില്‍ ഉണ്ടെന്നും അവിടെ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 അഡ്വാന്‍സായി വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.
അതിന് ശേഷം തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. വെങ്കിടേഷിനെ ബന്ധപ്പെട്ടപ്പോള്‍ സമീപത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനും സ്ഥലമുണ്ടെന്നും പറഞ്ഞു. പിന്നാലെ ശ്രീശാന്ത് പരാതിക്കാരനെ കാണുകയും സംസാരിക്കുകയും ചെയ്തു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് അവിടെ ഒരു പ്രൊജക്ട് ഉദ്ദേശിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സ്ഥലത്ത് വില്ല നിര്‍മിച്ചുനല്‍കാമെന്ന് ശ്രീശാന്തും വാഗ്ദാനം ചെയ്തു. പിന്നീട് ശ്രീശാന്ത് ഈ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ട് പോയി. പണം തിരികെ നല്‍കിയതുമില്ല. തുടര്‍ന്നാണ് സരീഗ് പരാതി നല്‍കിയത്.