കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ കാരണം ചക്രവാതച്ചുഴി, രണ്ട് ദിവസത്തിനുള്ളില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപം കൊള്ളുമെന്ന് മന്ത്രി കെ രാജന്‍

കല്‍പ്പറ്റ: ചക്രവാതച്ചുഴിയാണ് കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ കാരണമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാനത്തെ മഴക്കെടുതി അവലോകനം ചെയ്യാനായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

തമിഴ്നാടിനോട് ചേര്‍ന്ന് തിരുവനന്തപുരത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണ് ചക്രവാതച്ചുഴി രൂപം കൊണ്ടത്. ഇന്നു രാത്രി കൂടി കഴിഞ്ഞാല്‍ മഴയ്ക്ക് ശമനം ഉണ്ടാകുമെന്നാണ് പ്രവചനം. മഴയുമായി ബന്ധപ്പെട്ട് ഒരു ജില്ലയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

also read: കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി? ചൈനയിൽ വീണ്ടും പകർച്ചവ്യാധി പടരുന്നു; കുട്ടികളിലെ ‘ന്യൂമോണിയ’യെ ചൊല്ലി ഭീതി; സ്‌കൂളുകൾ അടച്ചിടേണ്ട നിലയിൽ

നവംബര്‍ 25 ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപം കൊള്ളുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ശബരിമലയില്‍ മഴ കുറവാണെന്നും ശബരിമലയില്‍ 36 എംഎം, പമ്പ അണക്കെട്ടില്‍ 39 എംഎം, കക്കി അണക്കെട്ടില്‍ 40 എംഎം എന്നിങ്ങനെയാണ് മഴ പെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

പമ്പ, കക്കി അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും പമ്പാ സ്നാനത്തിനും നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും മന്ത്രി അറിയിച്ചു.

Exit mobile version