പത്തനംതിട്ട: വീണ്ടും വിവാദത്തിലായ ‘റോബിൻ’ ബസിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്(എംവിഡി). മുൻപ് ചുമത്തിയ പിഴയടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയിരിക്കുന്നത്. ഇത്തവണയും പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
വ്യാഴാഴ്ച പുലർച്ചെയാണ് കേരളത്തിലേക്കുള്ള മടക്കയാത്രയ്ക്കിടെ റോബിൻ ബസ് തടഞ്ഞ് എംവിഡി പിഴ ഈടാക്കിയത്. കോയമ്പത്തൂരിൽനിന്ന് പത്തനംതിട്ടയിലേക്ക് തിരിച്ച ബസിനെ മൈലപ്രയിൽവെച്ചാണ് എംവിഡി ഉദ്യോഗസ്ഥർ തടഞ്ഞത്. പുലർച്ചെ ഒരു മണിക്ക് 7500 രൂപയാണ് പിഴയിത്. പെർമിറ്റ് ലംഘനം എന്ന പേരിലാണു പിഴയീടാക്കിയതെന്നു ബേബി ഗിരീഷ് പറഞ്ഞു. മുൻപു നൽകിയ മറ്റൊരു ചെലാനിലെ 7500 രൂപയും വാങ്ങിയിട്ടുണ്ട്. ബസിൽ ഗിരീഷ് ഉണ്ടായിരുന്നില്ല.
നേരത്തെ, തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്ന റോബിൻ ബസ് കഴിഞ്ഞദിവസമാണ് പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് പുനരാരംഭിച്ചത്. പിന്നാലെ കഴിഞ്ഞദിവസം ഇരുസംസ്ഥാനങ്ങളിലും മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നില്ല. എങ്കിലും പതിവുപോലെ ബുധനാഴ്ചയിലെ സർവീസിനിടെയും ബസിന് നിരവധിയിടങ്ങളിൽ സ്വീകരണം ലഭിച്ചു.