തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധജില്ലകളിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്ച വൈകിട്ട് മുതൽ പെയ്യുന്ന ശക്തമായ മഴ കാരണം വെള്ളക്കെട്ടുൾപ്പടെയുള്ള ദുരിതങ്ങൾ തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് ബുധനാഴ്ച വൈകിട്ട് മുതൽ പെയ്യുന്ന ശക്തമായ മഴ തോരാത്തത് കാരണം മുറിഞ്ഞപാലം കോസ്മോ ആശുപത്രിക്ക് എതിർവശം തോട് കരകവിഞ്ഞെഴുകി. കുഴിവയൽ, കോട്ടറ, ഗൗരീശപട്ടം, എന്നിവിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി.
വിവിധ റോഡുകളിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. തീരദേശമേഖലകളിൽ കടലാക്രമണവും രൂക്ഷമാണ്. വർക്കലയിൽ റോഡിൽ തെങ്ങ് കടപുഴകി വീണു. ചെമ്പഴന്തി അണിയൂരിലും മരം വീണു.
പത്തനംതിട്ട ജില്ലയിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷം 2.30 ഓടെ ആരംഭിച്ച മഴ തോരാതെ പെയ്തിറങ്ങിയതാണ് ദുരിതം വിതയ്ക്കുന്നത്. ഇലന്തൂരിന് സമീപം ഒഴുക്കിൽപ്പെട്ട് 71 കാരിയെ കാണാതായി. നാരങ്ങാനം സ്വദേശി സുധയെയാണ് കാണാതായത്. തിരച്ചിൽ തുടരുകയാണ്. 20 വർഷംമുൻപ് ഉരുൾപൊട്ടിയ ചുരുളിക്കോട് മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഇഞ്ചച്ചപ്പാത്ത് ഒലിച്ചുപോയതിനെത്തുടർന്ന് കൊക്കത്തോട് ഗ്രാമം ഒറ്റപ്പെട്ടു. അച്ചൻകോവിൽ, പമ്പ, കക്കാട്ട് ആറുകളിൽ ജലനിരപ്പ് ഉയർന്നു.
ALSO READ- അന്ന് ദാരിദ്ര്യം കാരണം ഏഴാംക്ലാസ്സില്‍ വെച്ച് പഠിത്തം നിര്‍ത്തി, ഇന്ന് വീണ്ടും വിദ്യാര്‍ത്ഥിയായി ഇന്ദ്രന്‍സ് സ്‌കൂളിലേക്ക്
കൂടാതെ, മലയോരത്ത് രാത്രിയാത്ര നിരോധിച്ചു. രാത്രി 7 മുതൽ രാവിലെ 6 വരെ യാത്ര പാടില്ല. ശബരിമല തീർത്ഥാടകർക്ക് നിരോധനം ബാധകമല്ല. കയാക്കിങ്, കുട്ടവഞ്ചി സവാരി, ബോട്ടിങ് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലും കനത്തമഴയാണ്.