കല്‍പ്പറ്റ: വയനാട് ജില്ലയിലെ നവകേരള സദസിന് ഇന്ന് തുടക്കമാകും. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നവകേരള സദസിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസിന് മുന്നോടിയായി രാവിലെ ഒമ്പതു മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പൗരപ്രമുഖരുമായി ചര്‍ച്ച നടത്തും.
ഇതില്‍ ഇരുന്നൂറോളം പേര്‍ക്കാണ് ക്ഷണമുള്ളത്. രാവിലെ 11 മണിക്ക് കല്‍പ്പറ്റ എസ് കെ എംജെ സ്‌കൂള്‍ മൈതാനത്താണ് നവകേരള സദസിന്റെ ജില്ലയിലെ ആദ്യ പരിപാടി നടക്കുന്നത്.
ഉച്ചകഴിഞ്ഞ് സുല്‍ത്താന്‍ ബത്തേരിയിലും വൈകീട്ട് മാനന്തവാടി മണ്ഡലത്തിലും ജനസദസ് നടക്കും. വയനാട് കലക്ടറേറ്റിലാണ് സിപിഐഎംഎല്ലിന്റെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചത്. നവകേരള സദസ് തടയുമെന്നായിരുന്നു ഭീഷണിക്കത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.