തൃശ്ശൂര്‍: തൃശ്ശൂര്‍ സ്‌കൂളില്‍ വെടിവെയ്പ്പ് നടത്തിയ സംഭവത്തില്‍ പ്രതി ജഗന് ജാമ്യം. പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റും. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് കോടതി നടപടി. ജഗന്‍ രണ്ട് വര്‍ഷമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് കുടുംബം പോലീസിനോട് പറഞ്ഞു. ചികിത്സാ രേഖകളും കുടുംബം ഹാജരാക്കി.
സ്‌കൂളില്‍ അതിക്രമിച്ചു കയറി, ബഹളം വച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജഗനെതിരെ കേസ് എടുത്തിരിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു പോലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ ജഗനെതിരെ നേരത്തെയും കേസ് ഉണ്ടെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. മെയ് 18ന് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ ബഹളം വച്ചതിനാണ് കേസ് എടുത്തത്. മണ്ണൂത്തി പോലീസ് സ്റ്റേഷനിലായിരുന്നു അന്ന് ജഗനെ കരുതല്‍ തടങ്കലില്‍ വച്ചത്.
വിവേകോദയം സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജഗന്‍ സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ വെടിവച്ചു. മുകളിലേക്കാണ് വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.