ന്യൂഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിലായി യുവാക്കൾ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ ഫലം പുറത്ത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠന റിപ്പോർട്ടാണ് പുറത്തെത്തിയിരിക്കുന്നത്.
യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കോവിഡ് വാക്‌സിൻ കാരണമാകുന്നില്ലെന്നാണ് പഠനറിപ്പോർട്ട് പറയുന്നത്. കൂടാതെ, വാക്‌സിൻ ചെറുപ്പക്കാർക്കിടയിൽ മരണ സാധ്യത കുറക്കുന്നുവെന്നുമാണ് പഠനഫലം. കുറഞ്ഞത് ഒരു ഡോസ് വാക്‌സിൻ സ്വീകരിക്കുന്നത് മരണ സാധ്യത കുറക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളമുള്ള 47 ഹോസ്പിറ്റലുകളിലായി 18-45 വയസ് പ്രായമുള്ള ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു.
യുവാക്കളിൽ ഉൾപ്പടെയുള്ള പെട്ടെന്നുള്ള മരണത്തിന്റെ കാരണങ്ങളും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കുടുംബത്തിൽ പെട്ടെന്നുള്ള മരണത്തിന്റെ പാരമ്പര്യമുള്ളവർ, കോവിഡ്-19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപിക്കുന്നത്, ലഹരി വസ്തുക്കളുടെ അമിത ഉപയോഗം, കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവയൊക്കെ പെട്ടെന്നുള്ള മരണ സാധ്യത വർധിപ്പിക്കുന്നുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.
ഐസിഎംആറിന്റെ പഠനത്തെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ സംസാരിച്ചിരുന്നു. കോവിഡ് -19 ബാധിച്ചവർക്ക് അമിതഭാരം ഉണ്ടാവാൻ ഇടയുണ്ടെന്നാണ് അദ്ദേഹം അന്ന് പഠനങ്ങളെ മുൻനിർത്തി മുന്നറിയിപ്പ് നൽകിയത്.
നവരാത്രി ആഘോഷത്തിനിടെ ഗുജറാത്തിൽ നൃത്തങ്ങൾക്കിടെ നിരവധി പേരുടെ മരണം റിപ്പോർട്ട് ചെയ്തതോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.