തിരുവനന്തപുരം: കല്യാണ സല്ക്കാരത്തിനിടയില് ഗാനമേളയെച്ചൊല്ലി കൂട്ടത്തല്ല്. ബാലരാമപുരം പെരിങ്ങമ്മലയിലെ സി.എസ്.ഐ പെരിങ്ങമ്മല സെന്റിനറി മെമ്മോറിയല്‍ ഹാളില്‍ നടന്ന കല്യാണ സല്‍ക്കാരത്തിനിടയിലാണ് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. പിടിച്ചുമാറ്റാന്‍ ചെന്ന നാട്ടുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
വിവാഹ സല്‍ക്കാരത്തിന്റെ ഭാഗമായി ഓഡിറ്റോറിയത്തില്‍ ഗാനമേള സംഘടിപ്പിച്ചിരുന്നു. ഇതിന് ചുവടുവച്ച് ഒരു സംഘം ആളുകള്‍ ഡാന്‍സ് കളിച്ചു. ഇത് ഒരു സംഘം ആളുകള്‍ എതിര്‍ത്തു. ഇതോടെ വധുവിന്റെയും വരന്റെയും ഭാഗത്തുള്ളവര്‍ ചേരി തിരിഞ്ഞ് ഓഡിറ്റോറിയത്തിന് മുന്നില്‍ വെച്ച് ഏറ്റുമുട്ടുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളും വഴിയാത്രക്കാരും ചേര്‍ന്ന് ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചതോടെ ഇവര്‍ നാട്ടുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് എത്തുന്നതിനു മുമ്പ് തന്നെ അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല.
Discussion about this post