മലപ്പുറം: മലപ്പുറത്ത് യുവാവിന്റെ മരണത്തില്‍ അതീവദുരൂഹതയുണ്ടെന്ന് കുടുംബം ആവര്‍ത്തിച്ചതോടെ മൃതദേഹം കല്ലറയില്‍ നിന്ന് ഉടന്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും. അരീക്കോട് പനമ്പിലാവിലെ തോമസിന്റെ മരണത്തില്‍ വീട്ടുകാര്‍ സംശയം ഉന്നയിച്ചതോടെയാണ് അരീക്കോട് പൊലീസ് കല്ലറ തുറന്ന് പരിശോധന നടത്തുന്നത്.
മുപ്പത്തിയാറുകാരനും ലോറി ഡ്രൈവറുമായിരുന്ന തോമസിനെ ഈ മാസം നാലിനായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 6 മണിയോടെ വീട്ടില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമെന്ന് കരുതി മൃതദേഹം സംസ്കരിച്ചു. എന്നാല്‍, സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റാണ് മരിച്ചതെന്ന സംശയം ബന്ധുക്കള്‍ക്ക് ഉണ്ടാകുന്നു. സമീപത്തെ വീട്ടില്‍ നാല് ദിവസം മുമ്പ് ഒരു മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ തോമസും സുഹൃത്തുക്കളും തമ്മില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.
അന്ന് രാത്രി സുഹൃത്തുക്കളായ നാല് പേര് തോമസിന്റെ വീടിന് സമീപമെത്തി അസഭ്യം പറഞ്ഞു. ഇത് ചോദിക്കാന്‍ ചെന്ന തോമസിനെ പിന്നീട് വീണ് കിടക്കുന്നതാണ് കണ്ടത്. അന്നുണ്ടായ ക്ഷതമാണ് മരണ കാരണമെന്ന് വീട്ടുകാര്‍ സംശയിക്കുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്.
Discussion about this post