കോഴിക്കോട്: യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് എത്തിയതോടെസംസ്‌കരിച്ച മൃതദേഹം കല്ലറയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനമായി. കോഴിക്കോട് തോട്ടുമുക്കം പനംപ്ലാവിൽ പുളിക്കയിൽ തോമസ് (36) എന്ന തൊമ്മന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം ചെയ്യാനൊരുങ്ങുന്നത്. തിങ്കളാഴ്ച അരീക്കോട് പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കു.
തോമസിന്റെ പിതാവ് നൽകിയ പരാതിയിലാണ് അരീക്കോട് പോലീസിന്റെ നീക്കം. തിങ്കളാഴ്ച രാവിലെ 11 മണിയോടെ സെമിത്തേരിയിൽവെച്ച് പോസ്റ്റ്മോർട്ടം നടത്താനാണ് നിലവിലെ തീരുമാനം. ഇതു സാധിച്ചില്ലെങ്കിൽ മാത്രം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തും.
ഇക്കഴിഞ്ഞ നവംബർ നാലിനാണ് ടിപ്പർ ലോറി ഡ്രൈവറായ തോമസ് മരിച്ചത്. സ്വാഭാവിക മരണമെന്ന നിലയിൽ പനംപ്ലാവ് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചിരുന്നു.
എന്നാൽ ഇതിന് പിന്നാലെ, തോമസും സുഹൃത്തുക്കളുമായി സംഘർഷമുണ്ടായിരുന്നതായും തോമസിന് കാര്യമായ പരിക്കേറ്റിരുന്നതായും നാട്ടുകാർ കുടുംബത്തെ അറിയിച്ചിരുന്നു. സംസ്‌കാരത്തിന് പിന്നാലെയാണ് ഇത് കുടുംബം അറിഞ്ഞത്. തുടർന്ന് പിതാവ് അരീക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post