കൊച്ചി: ഗോവയില്‍ കൊച്ചി സ്വദേശി ജെഫിനെ കൊലപ്പെടുത്തിയ കേസില്‍ കണ്ടെടുത്ത മൃതദേഹം ജെഫിന്റേതെന്ന് സ്ഥിരീകരിച്ചു. ജെഫിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ പോലീസ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ബന്ധുക്കളുടെ ഡിഎന്‍എയും ബോഡിയുടെ ഡിഎന്‍എയും ഒന്നാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെ കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
രണ്ടുവര്‍ഷം മുമ്പ് ഗോവയിലെ ബീച്ചിന് സമീപത്തെ കുന്നില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഗോവന്‍ മെഡിക്കല്‍ കോളജില്‍ പഠനത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. മറ്റൊരു കേസില്‍ പിടിയിലായ പ്രതിയില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ജെഫിന്റെ കൊലപാതകം തെളിഞ്ഞത്. പ്രതികളായ അഞ്ചുപേരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2021 നവംബര്‍ മാസത്തിലാണ് ജെഫിനെ കാണാതാകുന്നത്. വീട്ടിലേക്കുള്ള ഫോണ്‍ വിളികള്‍ നിലച്ചതോടെയാണ് പരാതിയുമായി ബന്ധുക്കുള്‍ പോലീസിനെ സമീപിച്ചത്. ജെഫിന്റെ കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം എവിടേയും മുന്നോട്ടുപോയില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മറ്റൊരു കേസില്‍ പിടിയിലായ പ്രതി പോലീസിന് ഒരു രഹസ്യവിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം മുന്നോട്ട് പോയത്.
അനില്‍ ചാക്കോയും സുഹൃത്തുക്കളും ഗോവയിലെത്തി മുന്‍കൂട്ടി തീരുമാനിച്ചത് അനുസരിച്ച് ജെഫിനെ വിജനമായ കുന്നിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് ജെഫിനെ കൊലപ്പെടുത്തി അഞ്ചുപ്രതികളും ഗോവ വിട്ടു. നിര്‍ണായക സൂചനകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് രണ്ടുവര്‍ഷത്തിന് ശേഷം പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ പഠന ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന അവശിഷ്ടങ്ങള്‍ ജെഫിന്റേതെന്ന് തെളിയിക്കുകയായിരുന്നു പോലീസിന്റെ പ്രധാന ദൗത്യം.
2021 കാണാതായ ജെഫ് കൊല്ലപ്പെട്ടെന്ന് പോലീസ് സ്ഥരീകരിച്ചു. പിന്നീട് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷമായിരുന്നു. ജെഫിന്റെ സുഹൃത്തുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അവസാന ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെ അന്വേഷണം വയനാട് സ്വദേശി അനില്‍ ചാക്കോയില്‍ എത്തി. സ്ഥിരം കുറ്റവാളിയായ അനില്‍ ചാക്കോ ഒപ്പിടാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതോടെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പിന്നീട് കൊലപാതകത്തിന് കൂട്ടുനിന്ന് മറ്റു നാലുപ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. ലഹരികടത്തുമായി ബന്ധപ്പെട്ടായിരുന്ന ജെഫിന് അനില്‍ ചാക്കോയുമായി ബന്ധം. ലഹരിയുമായി പോകുമ്പോള്‍ പോലീസിന് മുന്നില്‍ അനില്‍ ചാക്കോയെ കുടുക്കി ജെഫ് മുങ്ങിയതായിരുന്നു വൈരാഗ്യം കൂടാനുള്ള പ്രധാന കാരണം.
ജെഫിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയത് ഡോക്ടറുടെ അടക്കം മൊഴി പോലീസിന് ശേഖരിക്കേണ്ടതുണ്ട്. അതിനായി ഉടന്‍ പോലീസ് ഗോവയിലേക്ക് തിരിക്കും. ജെഫിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ വിട്ടുകിട്ടാനുള്ള നടപടികള്‍ ബന്ധുക്കളും ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ അഞ്ചു പ്രതികളും റിമാന്‍ഡിലാണ്.