തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിതമായ മുന്നേക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണമെന്ന തീരുമാനത്തെ ചോദ്യം ചെയ്ത് സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്. രാജ്യവ്യാപകമായി ചര്‍ച്ച ചെയ്ത ശേഷമേ മുന്നാക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും വിഎസ് അഭിപ്രായപ്പെട്ടു.
ഹീനമായ കുലത്തൊഴിലുകളും തൊട്ടുകൂടായ്മയും മൂലം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്. ഈ കാരണം കൊണ്ടു തന്നെ, സാമൂഹ്യനീതി എന്ന ഉയര്‍ന്ന ലക്ഷ്യത്തെ വ്യാപകവും സമഗ്രവുമായി ആശയ രൂപീകരണം നടത്തിക്കൊണ്ടാണ് നേടിയെടുക്കേണ്ടത്. എന്നാല്‍, ഇതൊന്നും ചെയ്യാതെ, സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ഏക ലക്ഷ്യവുമായി ബിജെപി മുന്നോട്ടുവെയ്ക്കുന്ന ആശയമാണ് മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം എന്നതെന്നും വിഎസ് ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംവരണം എന്ന ആശയത്തിന്റെ സത്ത ചോര്‍ത്തിക്കളയുന്ന തീരുമാനമാണ് ബിജെപി മന്ത്രിസഭ കൈക്കൊണ്ടിട്ടുള്ളത്. സംവരണം എന്നത് ഒരു സാമ്പത്തിക പദ്ധതിയല്ല. അതുകൊണ്ടാണ്, ജനകീയ ജനാധിപത്യത്തിന്റെ സത്തയുമായി ഒരു തരത്തിലും യോജിച്ചു പോവാത്ത സാമ്പത്തിക സംവരണത്തെ സിപിഎം പിന്തുണക്കാതിരുന്നത്. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് ഇതുപോലൊരു കാബിനറ്റ് തീരുമാനമുണ്ടായപ്പോള്‍ സിപിഎം അതിന്റെ പൊള്ളത്തരം തുറന്നുകാട്ടിയിട്ടുണ്ട്. ജാതി പിന്നോക്കാവസ്ഥ പോലെ, സാമ്പത്തിക പിന്നോക്കാവസ്ഥ ശാശ്വതമല്ല. സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരം താഴ്ത്താനുള്ള ബിജെപിയുടെ നീക്കം തുറന്നു കാട്ടപ്പെടണമെന്നും പ്രസ്താവനയില്‍ വിഎസ് പറയുന്നു.
Discussion about this post