കൊച്ചി: തൃക്കാക്കരയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആർടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധയേറ്റു. തൃക്കാക്കരയിലെ ആര്യാസ് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച എറണാകുളം ആർടിഒ ജി അനന്തകൃഷ്ണനും മകനുമാണ് ശാരീരിക അസ്വസ്ഥതകളും പനിയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
തുടർന്നാണ് ഇവർ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി നഗരസഭാ ആരോഗ്യവിഭാഗം തൃക്കാക്കരയിലെ ആര്യാസ് ഹോട്ടൽ അടപ്പിച്ചു. അനന്തകൃഷ്ണൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ അനന്തകൃഷ്ണനും മകനും ഹോട്ടലിൽനിന്ന് നെയ്റോസ്റ്റും വടയും കാപ്പിയും കഴിച്ചത്. പിന്നാലെ പത്തുമണിയോടെ തന്നെ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. വൈകിട്ട് ദേഹാസ്വാസ്ഥ്യവും പനിയും കൂടിയതോടെയാണ് ഡോക്ടറെ വിളിച്ച് വിവരമറിയിക്കുകയും ഇതിനുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതും.
തേങ്ങാ ചട്നിയിൽനിന്നാണ് വിഷബാധയുണ്ടായതെന്നാണ് ഡോക്ടറുമായി സംസാരിച്ചപ്പോൾ മനസ്സിലായത്. കഴിക്കുന്ന സമയത്ത് രുചിവ്യത്യാസമൊന്നും തോന്നിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിച്ച മകനും അസ്വസ്ഥതയുണ്ടായിരുന്നു. എന്നാൽ മകൻ ചട്നി കുറച്ചുമാത്രമേ കഴിച്ചിരുന്നുള്ളൂ. അതിനാൽ വലിയ പ്രശ്നങ്ങളുണ്ടായില്ലെന്നാണ് അനന്തകൃഷ്ണൻ പറഞ്ഞത്.