റിയാദ്: പനി മൂര്‍ച്ഛിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. 30 വര്‍ഷമായി റിയാദില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം വെമ്പായം മണ്ണാന്‍വിള സ്വദേശി സുല്‍ത്താന്‍ മന്‍സിലില്‍ സുധീര്‍ സുല്‍ത്താന്‍ (53) ആണ് നാട്ടില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
കേളി കലാസാംസ്‌കാരിക വേദി ബദീഅ ഏരിയാകമ്മിറ്റി അംഗവമായിരുന്നു സുധീര്‍ സുല്‍ത്താന്‍. ജോലി ചെയ്യുന്നതിനിടെ ക്ഷീണം അനുഭവപ്പെട്ട സുധീര്‍ റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഡോക്ടര്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് അറിയച്ചതിനെ തുടര്‍ന്ന് നാട്ടില്‍ പോയി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ചെറിയ പനി മുമ്പ് അനുഭവപെട്ടിരുന്നുവെങ്കിലും കാര്യമാക്കിയില്ല. പനി മൂര്‍ച്ഛിച്ച് ശരീരത്തില്‍ അണുബാധയുണ്ടായതാണ് മരണ കാരണം. ബദീഅ മേഖലയില്‍ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായ സുധീര്‍ സുല്‍ത്താന്‍ 30 വര്‍ഷമായി പ്രവാസിയാണ്. ഇലക്ട്രിക് ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്യുകയായിരുന്നു.
സുല്‍ത്താന്‍ പിള്ള, ലൈലാ ബീവി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: അസീന, മക്കള്‍: അഫ്‌നാന്‍, റിയാസ്, സുല്‍ത്താന്‍. മൃതദേഹം കന്യാകുളങ്ങര ജുമാ മസ്ജിദില്‍ കബറടക്കി.
Discussion about this post