മലപ്പുറം: തിരൂരില്‍ ബിരിയാണിയില്‍ നിന്ന് കോഴിത്തല കിട്ടിയ സംഭവത്തില്‍ ആര്‍ഡിഒ കോടതി ഹോട്ടല്‍ ഉടമയ്ക്ക് 75,000 രൂപ പിഴയിട്ടു. നവംബര്‍ അഞ്ചിനാണ് സംഭവം. തിരൂര്‍ പി സി പടിയിലെ കളരിക്കല്‍ പ്രതിഭ ഓഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്നാണ് കോഴിത്തല കിട്ടിയത്.
മുത്തൂരിലെ പൊറോട്ട സ്റ്റാളില്‍ നിന്ന് നാല് ബിരിയാണിയാണ് അധ്യാപികയായ പ്രതിഭ ഓര്‍ഡര്‍ ചെയ്തിരുന്നത്. ഒരു പാക്കറ്റ് ബിരിയാണിയിലാണ് കോഴിത്തല കണ്ടത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാര്‍സല്‍ പൊട്ടിച്ചപ്പോഴായിരുന്നു സംഭവം.
തുടര്‍ന്ന് തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പ്രതിഭ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് മുത്തൂരിലെ പൊറാട്ട സ്റ്റാള്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ പരിശോധന നടത്തി അടച്ചു പൂട്ടിയിരുന്നു.
അന്വേഷണത്തില്‍ ഹോട്ടലിന് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. എണ്ണയില്‍ വറുത്തെടുത്ത രീതിയിലായിരുന്നു കോഴിത്തലയുണ്ടായിരുന്നത്. കോഴിയുടെ കൊക്കുള്‍പ്പെടെ ഇതിലുണ്ടായിരുന്നെന്ന് വീട്ടമ്മ പറയുന്നു.
കാലങ്ങളായി മുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് പൊറോട്ട സ്റ്റാള്‍. അതേസമയം, സംഭവം എങ്ങനെയാണ് നടന്നതെന്ന് അറിയില്ലെന്നാണ് ഹോട്ടലുടമ പറയുന്നത്.
Discussion about this post