കോഴിക്കോട്: സ്‌കൂളില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയ സംഭവത്തില്‍ അധ്യാപക ദമ്പതികള്‍ക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് ജില്ലയിലെ നരിക്കുനി എരവന്നൂര്‍ യുപി സ്‌കൂളില്‍ അക്രമം നടത്തിയ സംഭവത്തില്‍ മറ്റൊരു സ്‌കൂളിലെ അധ്യാപകന്‍ ഷാജിയെയും എരവന്നൂര്‍ യുപി സ്‌കൂളിലെ അധ്യാപിക സുപ്രീനയെയുമാണ് സസ്പെന്‍ഡ് ചെയ്തത്.
ബിജെപി അനുകൂല അധ്യാപക സംഘടനയായ എസ്ടിയു ജില്ലാ ഭാരവാഹിയാണ് ഷാജി. സുപ്രീനയെ വിദ്യാര്‍ഥിയുടെ മുഖത്തടിച്ചതിനാണ് സസ്പെന്‍ഡ് ചെയ്തത്. കൊടുവള്ളി എഇഒ യുടേയും ശുപാര്‍ശ പ്രകാരമാണ് സുപ്രീനയെ സ്‌കൂള്‍ മാനേജര്‍മാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
എംപി ഷാജിയെ കുന്നമംഗലം എഇഒയുടേയും ശുപാര്‍ശ പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അധ്യാപകനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു വിദ്യാര്‍ഥിയുടെ മുഖത്ത് അടിച്ചതുമായി ബന്ധപ്പട്ട് സുപ്രീനയ്ക്കെതിരെ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി ഉണ്ടായിരുന്നു.
ഇതില്‍ പ്രകോപിതനായ ഷാജി സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടെ ഓഫീസില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയായിരുന്നു. ഷാജി രോഷാകുലനായി സ്റ്റാഫ് മീറ്റിങ് നടക്കുന്ന ഹാളിലേക്ക് കയറിവരുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൈയാങ്കളിയില്‍ മറ്റ് അധ്യാപകര്‍ക്ക് പരിക്കേറ്റിരുന്നു.
Discussion about this post